ഇരിട്ടി- കിണറില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് വിഷവാതകം ശ്വസിച്ച് മരിച്ചു. കിളിയന്തറ നിരങ്ങന്‍ചിറ്റയിലെ കൂട്ടുമല സജിയാണ് (40) മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ കിണറില്‍ ആട് വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതാണ്. കിണറില്‍ നിന്ന് ആടിനെ എടുക്കുന്നതിനിടയില്‍ അവശനാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുഹൃത്ത് ഉണ്ണി കല്ലൂരിന്റെ നേതൃത്വത്തില്‍ സുരക്ഷാ ബെല്‍റ്റുമായി രക്ഷിക്കാന്‍ ഇറങ്ങിയിരുന്നു.
സജിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉണ്ണിയും ശ്വാസം കഴിക്കാന്‍ പ്രയാസപ്പെട്ട് അവശനാകുന്നത് കണ്ടതോടെ നാട്ടുകാര്‍ കയര്‍ വലിച്ച് തിരികെ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് ഇറങ്ങി പുറത്തെടുത്ത് ഇരിട്ടിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജി മരിച്ചിരുന്നു.
പിതാവ് പരേതനായ ജോസഫ്. അമ്മ ഏലമ്മ. സഹോദരങ്ങള്‍ ബെന്നി (അധ്യാപകന്‍, കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍), ഷൈനി, സാനി, സിസ്റ്റര്‍ മിനി, ലിസി, സന്തോഷ്, ജയ്‌സണ്‍, സിമി.