കോട്ടയം- ബി.ജെ.പിയെ കൈവിട്ട് സി.പി.എമ്മിനെ കടന്നാക്രമിച്ച് കോൺഗ്രസിനോട് മൃദുസമീപനം പുലർത്തിയുളള വിശ്വാസ സമദൂര സിദ്ധാന്തത്തിലേക്ക് എൻ.എസ്.എസ്. സമദൂരവും ശരിദൂരവും മാറി മാറി സ്വീകരിച്ചിരുന്ന എൻ.എസ്.എസ് ഇക്കുറി വിശ്വാസികൾക്കൊപ്പമുളള സമദൂരത്തിലാണെന്ന് എൻ.എസ്.എസ് മുഖപത്രമായ സർവീസിലാണ് വ്യക്തമാക്കിയത്.
ശബരിമല പ്രശ്‌നത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് നിലപാട് എടുത്ത എൻ.എസ്.എസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സമദൂരത്തിൽ തെളിയുന്നത് യു.ഡി.എഫിനോടുളള മൃദുസമീപനമാണ്. ബി.ജെ.പിയും സി.പി.എമ്മും തങ്ങളുടെ കടമ നിർവഹിച്ചില്ലെന്ന് എൻ.എസ്.എസ് ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമാണത്തിനോ വിശ്വാസികളുടെ ആശങ്ക ദൂരീകരിക്കാനോ വേണ്ട നടപടി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫലത്തിൽ ഇടതുസർക്കാരിനോടുളള അമർഷവും ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പിനോടുളള വിയോജിപ്പും പ്രകടമാക്കുന്നതാണ് മുഖപ്രസംഗം. കോൺഗ്രസിനെയും വിമർശിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയെയും സി.പി.എമ്മിനെയും എന്നതുപോലെ കടുപ്പിച്ചിട്ടില്ല.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലേതുപോലെ ഈ തെരഞ്ഞെടുപ്പിലും എൻ.എസ്.എസിന്റേത് സമദൂര നിലപാടാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖപ്രസംഗത്തിൽ പറയുന്നു. എന്നാൽ ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസിസമൂഹത്തോടൊപ്പം തന്നെ എൻ.എസ്.എസ് നിലകൊള്ളും. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാനുള്ള അവസരമായി കണ്ട് ഏകപക്ഷീയമായ നടപടികളാണു സംസ്ഥാന സർക്കാർ ഭാഗത്തുനിന്നുണ്ടായത്. ബി.ജെ.പിയും യു.ഡി.എഫും ആകട്ടെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് തുടക്കത്തിൽ സ്വീകരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് എൻ.എസ്.എസിന് വിശ്വാസസംരക്ഷണത്തിനായി ഉറച്ചുനിൽക്കേണ്ടിവന്നത്. ജാതിമത രാഷ്ട്രീയ വ്യത്യാസം കൂടാതെ വിശ്വാസസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ എൻ.എസ്.എസ് ഏർപ്പെട്ടതിന്റെ ഫലമായി സംസ്ഥാനമൊട്ടാകെ വിശ്വാസികളുടെ കൂട്ടായ്മയും നാമജപ ഘോഷയാത്രകളും തുടർച്ചയായി നടന്നു. സംസ്ഥാന സർക്കാരാകട്ടെ, അതിനെ പരാജയപ്പെടുത്തുവാൻ അധികാരവും ഖജനാവും ഉപയോഗിച്ചു. എല്ലാ കുത്സിത മാർഗങ്ങളും സ്വീകരിച്ചെങ്കിലും വിശ്വാസികളെ കീഴടക്കാൻ അവർക്കു കഴിഞ്ഞില്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയാതീത നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്.
അതേസമയം, രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോൺഗ്രസും ഇതിനെ കണ്ടത്. ബി.ജെ.പി ഇതിനെതിരെ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുമാണ് ചെയ്തത്. അധികാരം കയ്യിലിരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കുവാനാവശ്യമായ യാതൊരു നിയമനടപടിയും സ്വീകരിക്കാൻ തയാറായില്ല. ഇനി കോടതി മാത്രമാണ് വിശ്വാസികൾക്ക് അഭയമായിട്ടുള്ളത്. ഇക്കഴിഞ്ഞ ശബരിമല ക്ഷേത്രോൽസവ സമയത്ത് മലകയറാൻ ഭക്തജനങ്ങൾ ഇല്ലാത്ത അവസ്ഥയായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയോ സംസ്ഥാന സർക്കാരിന്റെയും മുമ്പുണ്ടായ ഇടപെടലുകളും കണ്ടില്ല. കാരണം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ്.
മുമ്പ് ചില അവസരങ്ങളിൽ സമദൂരത്തിൽനിന്നു ശരിദൂരത്തിലേക്കു വരേണ്ടിവന്നിട്ടുണ്ടെങ്കിൽ അതൊക്കെ സാമൂഹിക അനീതിക്കെതിരെയും നീതിക്കുവേണ്ടിയും മാത്രമായിരുന്നു. അതിനാവശ്യമായ നിലപാടുകളും അപ്പോഴപ്പോൾ സ്വീകരിക്കുമായിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെടുമ്പോൾ വീണ്ടും സമദൂരത്തിൽ എത്തും.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ നിലപാടുകളോട് യോജിച്ചാണ് എൻ.എസ്.എസ് നീങ്ങിയത്. നാമജപഘോഷയാത്രകളിൽ ബി.ജെ.പിയും എൻ.എസ്.എസും സഹകരിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് എൻ.എസ്.എസ് വിശ്വസിച്ചിരുന്നു. ഇതിൽനിന്നു പിന്നോട്ട് പോകുകയും എൻ.എസ്.എസ് താൽപര്യമുളള സ്ഥാനാർഥികളെ വെട്ടുകയും ചെയ്തതോടെ എൻ.എസ്.എസ് ബി.ജെ.പിയോട് അകന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് പിന്തുണക്കുമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്.






