കോഴിക്കോട് - ഹിന്ദുക്കളെ പേടിച്ചിട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചയായ വർഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ലോക്‌സഭ-2019 മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രധാനമന്ത്രിയിൽ നിന്നുണ്ടാകാൻ പാടില്ലാത്ത വാക്കുകളാണിതെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിലെ പൗരൻമാരെ ഒരേപോലെ കാണേണ്ട പ്രധാനമന്ത്രി വർഗീയമായി ചേരിതിരിവ് നടത്തുന്നതിലൂടെ അപകടകരമായ സന്ദേശമാണ് നൽകുന്നത്. പ്രധാനമന്ത്രി പ്രസ്താവനയിലൂടെ കേരളത്തെയും വയനാട്ടിലെ വോട്ടർമാരെയും മതന്യൂനപക്ഷങ്ങളെയുമാണ് അപമാനിച്ചിരിക്കുന്നത്. നരേന്ദ്രമോഡിയെ പോലെയൊരു കപട ദേശീയ സ്‌നേഹിക്ക് മാത്രമെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്താൻ സാധിക്കുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.
ഭരണഘടന അനുസരിച്ച് ഏത് പൗരനും എവിടെയും മത്സരിക്കാം. കേരളത്തിലെ കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത്. ചരിത്രപരമായ വിജയമാണ് വയനാട്ടിലുണ്ടാവുക. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ദേശീയ ഐക്യത്തിനും യോജിപ്പിനും വഴിയൊരുക്കും. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സി.പി.എമ്മിനെയാണ് വിറളി പിടിപ്പിച്ചത്. തെക്കെ ഇന്ത്യയിലെ ബി.ജെ.പിയെ തൂത്തെറിയുക എന്നതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പകരുന്ന സന്ദേശം. ദേശാഭിമാനിക്കും ജന്മഭൂമി പത്രത്തിനും ഒരേ സ്വരമാണുള്ളതെന്നും ഇടതുപക്ഷം നിലം പരിശാകുമെന്ന അവസ്ഥയെത്തിയതോടെയാണ് രാഹുൽ ഗാന്ധിക്കെതിരെ സി.പി.എം മുന്നോട്ട് വന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ നടക്കുന്ന സ്ത്രീ പീഡനങ്ങളും അക്രമങ്ങളും വർധിച്ചുവരികയാണ്. സ്ത്രീകൾക്ക് രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറി. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാരിന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ തടയാൻ സാധിക്കുന്നില്ല. ഉത്തരവാദപ്പെട്ട ആളുകൾപോലും സ്ത്രീകൾക്കെതിരായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹവും സ്ത്രീത്വത്തിനെതിരായുള്ള അപമാനവുമാണ്. നവോഥാനം പറയുന്നയാളുകളുടെ നവോഥാനം ഇതാണോയെന്നും ചെന്നിത്തല ചോദിച്ചു.
വിജയരാഘവനെതിരിൽ കേസെടുക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം 29 കൊലപാതകങ്ങളാണ് നടന്നത്. കാസർകോട്ടെ പെരിയ കൊലപാതകത്തിലെ യഥാർഥ പ്രതികൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കൊലപാതകം നടത്തിയവർക്കുള്ള സംരക്ഷണമാണ് സി.പി.എം നൽകുന്നത്. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ ഉൾപ്പെട്ടയാളാണ് വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. വടകരയിൽ പി. ജയരാജനെ സ്ഥാനാർഥിയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സി.പി.എം നൽകുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയം ശബരിമല തന്നെയാണ്. വിശ്വാസ സമൂഹത്തിനെതിരായി സർക്കാർ നടത്തിയ കടന്നാക്രമണമാണ് ശബരിമലയിലെ വിഷയം. അതിൽ വേദനയനുഭവിക്കുന്ന കുറെ വിശ്വാസികളുണ്ട്. അവരുടെ അഭിപ്രായങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിർണായകമാകും. ഈ വിഷയത്തിൽ ഒരു സർക്കാരും ചെയ്യാൻ പാടില്ലാത്ത തരത്തിലാണ് കേരളത്തിലെ സർക്കാർ ചെയ്തതെന്നും വിശ്വാസികളുടെ മനസ്സിനേൽപ്പിച്ച മുറിവ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.






