ഇടതിന്റെ കോട്ടയിൽ ചരിത്രം മാറുമോ?

തിരുവനന്തപുരം- മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കറിനെയും സി.പി.എമ്മിന്റെ സമുന്നതയായ നേതാവ് സുശീലാ ഗോപാലനെയും ഒരുപോലെ അടിയറവ് പറയിച്ച മണ്ഡലം, ഇന്ന് എൽ.ഡി.എഫിന്റെ ഉറച്ച പ്രതീക്ഷ.
മുമ്പ് ചിറയിൻകീഴ് ആയിരുന്ന ഇന്നത്തെ ആറ്റിങ്ങലിൽ ഇതുവരെ നടന്നിട്ടുള്ള 16 തെരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാർഥികൾ 11 തവണ ജയിച്ച് കയറിയപ്പോൾ അഞ്ചു തവണ മാത്രമാണു കോൺഗ്രസിനെ തുണച്ചത്. പ്രമുഖ നേതാക്കളെ വാഴ്ത്തിയും വീഴ്ത്തിയ ചരിത്രമുണ്ട് മുൻ ചിറയിൻകീഴ് എന്ന ആറ്റിങ്ങലിന്. 1967 ൽ കോൺഗ്രസിലെ സമുന്നതനായ നേതാവ് ആർ. ശങ്കർ സി.പി.എമ്മിലെ കെ. അനിരുദ്ധനു മുന്നിൽ അടിയറവു പറഞ്ഞു. എന്നാൽ 1989 ൽ മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സി.പി.എമ്മിന്റെ പ്രമുഖ നേതാവായ സുശീല ഗോപാലൻ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനോട് പരാജയപ്പെട്ടു. ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാർ രവി 1971 ലും 1977 ലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതും കോൺഗ്രസ്(ഐ)യിലെ എ.എ. റഹിമിനു മുന്നിൽ 1980 ൽ പരാജയപ്പെട്ടതും ചരിത്രം. 1991ൽ സുശീല ഗോപാലൻ സി.പി.എമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനു ശേഷം കോൺഗ്രസിന് മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. മൂന്നു തവണ വർക്കല രാധാകൃഷ്ണനും മൂന്നു തവണ എ. സമ്പത്തുമായിരുന്നു വിജയികൾ. 
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായിരുന്നു ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലം. എന്നാൽ 2008ലെ മണ്ഡല പുനർനിർണയത്തിൽ കിളിമാനൂർ, ആര്യനാട് മണ്ഡലങ്ങൾ ഇല്ലാതായി. കഴക്കൂട്ടം മണ്ഡലം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തോടു ചേർന്നു. പുതുതായി രൂപപ്പെട്ട അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങൾ ആറ്റിങ്ങലിനൊപ്പമായി. നിലവിൽ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം. ഇതിൽ അരുവിക്കര നിയമസഭാ മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും എൽ.ഡി.എഫിനാണ് ഭരണം.
1957, 1962 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എം.കെ. കുമാരനാണ് വിജയിച്ചത്. 1967ൽ കോൺഗ്രസിലെ ആർ. ശങ്കറിനെ സി.പി.എമ്മിലെ കെ. അനിരുദ്ധൻ പരാജയപ്പെടുത്തി. 1971 ൽ വർക്കല രാധാകൃഷ്ണനെ 49,272 വോട്ടുകൾക്ക് പരാജയപ്പെടുത്തി വയലാർ രവി മണ്ഡലം പിടിച്ചു. 1977 ൽ വയലാർ രവി വിജയം ആവർ ത്തിച്ചു. 60,925 വോട്ടുകൾക്ക് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി. 1980ൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയുമെല്ലാം പിന്തുണയോടെ കോൺഗ്രസ് (യു) സ്ഥാനാർഥിയായാണ് വയലാർ രവി മത്സരിച്ചത്. 6,063 വോട്ടുകൾക്ക് കോൺഗ്രസി (ഐ)ലെ എ.എ. റഹിമിനോട് പരാജയപ്പെട്ടു. തുടർന്നു രണ്ടു തവണ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീർ വിജയിച്ചു. 
1984ലെ തെരഞ്ഞെടുപ്പിൽ തലേക്കുന്നിൽ ബഷീർ 31,465 വോട്ടുകൾക്ക് സി.പി.എമ്മിലെ കെ. സുധാകരനെ പരാജയപ്പെടുത്തി. 1989 ൽ 5130 വോട്ടുകൾക്ക് സി.പി.എമ്മിലെ സുശീല ഗോപാലനെ പരാജയപ്പെടുത്തി. 1991 ൽ സുശീല ഗോപാലൻ സി.പി.എമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തു. 1106 വോട്ടുകൾക്കാണ് തലേക്കു ന്നിൽ ബഷീറിനെ തോൽപിച്ചത്. പിന്നീടിതുവരെ മണ്ഡലം ഇടത് ആഭിമുഖ്യം ഉപേക്ഷിച്ചിട്ടില്ല. 
1996ൽ എ. സമ്പത്ത് 48,083 വോട്ടുകൾക്ക് തലേക്കുന്നിൽ ബഷീറിനെ പരാജയപ്പെടുത്തി. 1998ൽ സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണൻ മണ്ഡലം നിലനിർത്തി. 7,542 വോട്ടുകൾക്കാണ് കോൺഗ്രസിലെ എം.എം. ഹസനെ പരാജയപ്പെടുത്തിയത്. 1999 ൽ വർക്കല രാധാകൃഷ്ണൻ 3128 വോട്ടുകൾക്ക് കോൺഗ്രസിലെ എം.ഐ. ഷാനവാസിനെ തോൽപ്പിച്ചു. 2004ൽ വർക്കല രാധാകൃഷ്ണൻ 50,745 വോട്ടുകൾക്ക് എം.ഐ. ഷാനവാസിനെ പരാജയപ്പെടുത്തി ഹാട്രിക്ക് വിജയം നേടി. 2009 ൽ ചിറയിൻകീഴ് മണ്ഡലത്തിന്റെ പേരു മാറി ആറ്റിങ്ങലായി. സി.പി.എമ്മിലെ എ. സമ്പത്ത് 18,341 വോട്ടുകൾക്ക് കോൺഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014 ൽ എ. സമ്പത്ത് കോൺഗ്രസിലെ ബിന്ദു കൃഷ്ണയെ 69,378 വോട്ടുകൾക്ക് തോൽപിച്ചു. 1957ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ എം.കെ. കുമാരൻ നേടിയ 92,601 വോട്ടാണു ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മണ്ഡലത്തിലെ റെക്കോർഡ്. 1991 ൽ സുശീല ഗോപാലൻ നേടിയ 1106 വോട്ടാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.

ആറ്റിങ്ങൽ പാർലമെന്റിലെ നിയമസഭാ മണ്ഡലങ്ങൾ നിലവിലെ എം.എൽ.എമാരും, ഭൂരിപക്ഷവും.

വർക്കല- വി.ജോയി (സി.പി.എം) ഭൂരിപക്ഷം- 2386
ആറ്റിങ്ങൽ- ബി. സത്യൻ (സി.പി.എം) ഭൂരിപകഷം- 40383
വാമനപുരം- ഡി.കെ മുരളി(സി.പി.എം) ഭൂരിപക്ഷം- 9596
ചിറയിൻകീഴ്- വി. ശശി (സി.പി.ഐ) ഭൂരിപക്ഷം- 14322
നെടുമങ്ങാട്- സി. ദിവാകരൻ(സി.പി.ഐ)  ഭൂരിപക്ഷം- 3621
കാട്ടാക്കട- ഐ.ബി സതീഷ്(സി.പി.എം) ഭൂരിപക്ഷം- 849
അരുവിക്കര- കെ.എസ്. ശബരീനാഥൻ (കോൺഗ്രസ്) ഭൂരിപക്ഷം- 21314

നിലവിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കണക്കാക്കിയാൽ 71157 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ എൽ.ഡി.എഫിനുണ്ട്. സമ്പത്തിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെക്കാൾ 1779 വോട്ടിന്റെ വർധനവ്. ഈ ഭൂരിപക്ഷം നിലനിർത്താനോ വർധിപ്പിക്കാനോ ഉള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
എൽ.ഡി.എഫിന് മണ്ഡലത്തിലുള്ള ശക്തമായ സംഘടനാ ശക്തി സമ്പത്തിന് ഏറ്റവും അനുകൂല ഘടകമാണ്. എം.പിയെന്ന നിലയിൽ സമ്പത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഗുണകരമാകുമെന്ന് മുന്നണി കരുതുന്നു. കൂടാതെ സമ്പത്തിന് മണ്ഡലത്തിലുള്ള വിപുലമായ വ്യക്തിബന്ധങ്ങളും, മുൻ എംപിയും സി.പി.എം നേതാവുമായ കെ. അനിരുദ്ധന്റെ മകനെന്ന സ്വീകാര്യതയും. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ പൂർത്തീകരിച്ച് റിസർവേഷൻ സൗകര്യം ലഭ്യമാക്കിയതും വർക്കല സ്റ്റേഷൻ ആധുനികവൽക്കരിച്ചതും ആറ്റിങ്ങലിൽ പാസ്‌പോർട്ട് സേവാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതും സാന്ത്വന പരിചരണവുമെല്ലാം അഞ്ചു വർഷത്തെ പ്രവർത്തനമായി ഉയർത്തിക്കാട്ടിയാണ് സമ്പത്ത് വോട്ട് ചോദിക്കാനിറങ്ങുന്നത്.
സ്ഥാനാർഥിയായി അടൂർ പ്രകാശ് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. അടൂർ പ്രകാശ് സ്ഥാനാർഥിയായതോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചോർന്ന കോൺഗ്രസ് വോട്ടുകൾ ഇത്തവണ ഉറപ്പാക്കാനാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു. ഈഴവ സമുദായത്തിനു സ്വാധീനമുള്ള മണ്ഡലത്തിൽ സാമുദായിക ഘടകങ്ങളും അനുകൂലമാണെന്ന് പാർട്ടി അവകാശപ്പെടുന്നു. മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അനുകൂലമാകുമെന്നാണ് വിശ്വാസം. വികസന പ്രശ്‌നങ്ങളും ആറ്റിങ്ങൽ ബൈപാസ് നിർമാണം വൈകുന്നതുമെല്ലാം യു.ഡി.എഫിന്റെ പ്രചാരണ വിഷയങ്ങളാണ്.
ഏറ്റവും ഒടുവിലാണ് ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെങ്കിലും പ്രചാരണത്തിൽ ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുമെന്നു പ്രതീക്ഷിച്ച ശോഭയെ പാർട്ടി ആറ്റിങ്ങലിൽ നിയോഗിക്കുകയായിരുന്നു. ബി.ജെ.പിയുടെ സംസ്ഥാനത്തെ മുഖങ്ങളിലൊന്നായ ശോഭ സുരേന്ദ്രനും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി രംഗത്തുണ്ട്.


 

Latest News