ജയ്പൂർ റൂറലിൽ ഒളിംപ്യന്മാർ പൊരുതും

ഒളിംപിക് മെഡൽ ജേതാവും കേന്ദ്ര സ്‌പോർട്‌സ് മന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെ (ബി.ജെ.പി) ഒളിംപ്യൻ കൃഷ്ണ പൂനിയയെ കോൺഗ്രസ് രംഗത്തിറക്കിയതോടെ രാജസ്ഥാനിലെ ജയ്പൂർ റൂറലിൽ ഒളിംപ്യന്മാരുടെ നേർപോരാട്ടം. ജയ്പൂർ റൂറലിലെ സിറ്റിംഗ് എം.പിയാണ് രാജ്യവർധൻ.  
കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സാദുൽപൂർ മണ്ഡലത്തിൽനിന്ന് കൃഷ്ണ ജയിച്ചിരുന്നു. മൂന്നു തവണ ഒളിംപിക്‌സിൽ പങ്കെടുത്ത കൃഷ്ണ 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ഡിസ്‌കസ് ത്രോ ചാമ്പ്യനായിരുന്നു. രാജ്യവർധൻ 2004 ലെ ആതൻസ് ഒളിംപിക്‌സിൽ ഷൂട്ടിംഗിൽ വെള്ളി നേടി. 
ഇത്തവണ മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ ഗൗതം ഗംഭീർ (ബി.ജെ.പി), കീർത്തി ആസാദ് (കോൺഗ്രസ്) എന്നിവരും മത്സരിക്കുമെന്നാണ് സൂചന. രാജ്യവർധനും കീർത്തി ആസാദിനും പുറമെ മുൻ ഇന്ത്യൻ ഫുട്‌ബോൾ നായകൻ പ്രസൂൺ ബാനർജി (തൃണമൂൽ), മുൻ ദേശീയ ഷൂട്ടർ കലികേഷ് നാരായൺ സിംഗ് ദേവ് (ബി.ജെ.ഡി) എന്നിവർ നിലവിലെ ലോക്‌സഭയിൽ അംഗങ്ങളാണ്. പലതവണ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച കീർത്തി ആസാദ് ഇത്തവണ കോൺഗ്രസിലേക്ക് കൂറുമാറിയിട്ടുണ്ട്. 
2009 ൽ കീർത്തി ആസാദ്, കലികേഷ് നാരായൺ സിംഗ് ദേവ് എന്നിവർക്കു പുറമെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (കോൺഗ്രസ്), നവജോത് സിംഗ് സിദ്ദു (ബി.ജെ.പി) എന്നിവരും ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു. സിദ്ദു പിന്നീട് കോൺഗ്രസിലേക്കു മാറി. ഇപ്പോൾ പഞ്ചാബിൽ കാബിനറ്റ് മന്ത്രിയാണ്. രാജ്യത്തെ ഏറ്റവും മികച്ച കായികതാരങ്ങളായ സചിൻ ടെണ്ടുൽക്കറും എം.സി മേരികോമും നിലവിൽ രാജ്യസഭാംഗങ്ങളാണ്. 
 

Latest News