പാഴ്‌വാക്കുകളിൽ ചവിട്ടി വീണുപോകുന്നവർ

എൽ.ഡി.എഫിന്റെ നിരവധി കൺവീനർമാരെ കേരളം കണ്ടിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്ന് തലയെടുപ്പുള്ളവർ. പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലരൊക്കെ മരിച്ചു പോയി. പി.വി. കുഞ്ഞിക്കണ്ണനും മറ്റും കൺവീനർമാരായ കാലം അന്നുള്ളവരുടെ മനസ്സിലിപ്പോഴും പ്രൗഢമായ ഓർമ്മയായി നിലനിൽക്കുന്നുണ്ടാകും. എം.എം ലോറൻസ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കൺവീനറായി നയിച്ചപ്പോൾ കേരള രാഷ്ട്രീയത്തിലെ എന്തെല്ലാം കാര്യങ്ങളാണ് ആ കമ്യൂണിസ്റ്റ് പോരാളിയുടെ വാക്കിലും നോക്കിലുമായി  പരിപക്വമാംവിധം കടന്നുപോയത്. സി.പി.എമ്മുമായി കേരളത്തിൽ ശരീഅത്ത് പോര് നടക്കുന്ന കാലത്തെ ഒരു സംഭവം മാത്രം മതി എത്ര മനോഹരമായാണ് അദ്ദേഹത്തെപ്പോലുള്ളവർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് മനസ്സിലാക്കാൻ. 
ഒരു പത്രസമ്മേളനത്തിൽ ശരീഅത്തു പറഞ്ഞ്, പറഞ്ഞ് പോരോട് പോരായി. പത്രസമ്മേളനം തീർന്നപ്പോൾ ലോറൻസ് ഇങ്ങിനെ പറഞ്ഞു: 'ഇസ്‌ലാമിക  ശരീഅത്തുമായി ബന്ധപ്പെട്ട് ഞാനെന്തൊക്കെയോ പറഞ്ഞു പോയി. ആ വിഷയം എനിക്കത്രയൊന്നും അറിയില്ല കേട്ടോ. പക്ഷെ ഒരു കാര്യം കേട്ടിട്ടുണ്ട്. ഇസ്‌ലാം സാമ്പത്തിക കാര്യങ്ങളോട്  സ്വീകരിക്കുന്ന സമീപനം എത്രയോ ഉദാത്തമാണെന്ന്..' ഈ പരാമർശം പത്രത്തിൽ വായിച്ച മതപ്രവർത്തകർ അടുത്ത ദിവസങ്ങളിലെപ്പോഴൊക്കെയോ, ഇസ്‌ലാമിന്റെ സാമ്പത്തിക സമീപനങ്ങളുമായി ബന്ധപ്പെട്ട നല്ല പുസ്തകങ്ങൾ അദ്ദേഹത്തിനെത്തിച്ചതായി പിന്നീട്  പത്ര വാർത്തയുണ്ടായി. എത്ര മനോഹരമായ അവസ്ഥ. തൊട്ടു മുമ്പ് സ്ഥാനമൊഴിഞ്ഞ വൈക്കം വിശ്വൻ മൈതാനങ്ങളെ ഇളക്കി മറിച്ച കാലം ആളുകളിപ്പോഴും ഓർക്കുന്നുണ്ടാകും. അക്കാലത്ത് വിശ്വൻ പ്രസംഗിക്കാൻ നിൽക്കുമ്പോൾ അതിസുന്ദരങ്ങളായ മലയാളപദങ്ങൾ എന്നെ ഉപയോഗിക്കൂ, എന്നെ ഉപയോഗിക്കൂ എന്ന് പറഞ്ഞ് ക്യൂ നിൽക്കുന്നതുപോലെയാണ് ജനങ്ങൾക്കനുഭവപ്പെട്ടത്. സ്ഥാനം ഒഴിയാൻ കാലം അദ്ദേഹത്തിന്റെ അത്തരം കഴിവുകളൊക്കെ  ആരോഗ്യകാരണങ്ങളാലാകാം ഇല്ലാതായി തുടങ്ങിയത് ഖേദത്തോടെ ആളുകൾ തിരിച്ചറിഞ്ഞിരുന്നു.  
ഇപ്പോഴത്തെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ചെന്ന് പെട്ട വാക്കിന്റെ കെണിയാണ് ഇത്തരം കാര്യങ്ങൾ ഓർക്കാൻ കാരണമായത്. പി.വി. കുഞ്ഞിക്കണ്ണനോ, എം.എം ലോറൻസോ ആകാൻ വിജയരാഘവന്  കഴിയണമെന്നില്ല.  കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ പേറുന്ന പദാവലികളിൽ പറയുന്നതുപോലെ സമരപുളകങ്ങളുടെ സിന്ദൂരമാല ചാർത്തിയ ആ തലമുറയിലെ ചിലരുടെ ജീവിതവും പ്രവൃത്തികളുമൊക്കെ തന്നെ മറ്റൊന്നാണ്. വൈക്കം വിശ്വനെപ്പോലെ പ്രസംഗപ്രതിഭയാകാനും എല്ലാവർക്കുമാകില്ല. പക്ഷെ ഇത്തിരി സംയമനം... അത് ആർക്കും സാധ്യമാകുന്ന കാര്യമാണ്. അതാണ് കഴിഞ്ഞ ദിവസം ഇടതുമുന്നണി കൺവീനർക്ക്  ഇല്ലാതെപോയത്. ആളുകളെ കാണുമ്പോൾ സ്വയം മറക്കുന്നത് പക്വമതികളായ രാഷ്ട്രീയ നേതാക്കൾക്ക് ചേർന്ന സമീപനമല്ല. 
തെരഞ്ഞെടുപ്പിന്റെ യുദ്ധമുഖത്ത് എതിർപക്ഷത്തിന് സഹായകമാകുന്ന രീതിയിൽ  സംസാരിച്ച വിജയരാഘവനെതിരെ ആ മുന്നണിയിലും പാർട്ടിയിലും എന്തുമാത്രം പ്രതിഷേധം ഉമിത്തീയായി എരിഞ്ഞു കത്തുന്നുണ്ടാകും. അബദ്ധമായിപ്പോയി, ക്ഷമിക്കണം എന്നൊരു വാക്കായിരുന്നു അദ്ദേഹത്തിൽനിന്നുണ്ടാകേണ്ടിയിരുന്നത്. പറയേണ്ടത് പറയണമല്ലോ, മുഖപ്രസംഗത്തിൽ ഒരബദ്ധം പിണഞ്ഞപ്പോൾ എത്ര വേഗത്തിലാണ് റസിഡന്റ് എഡിറ്റർ പി.എം മനോജ് അത് തിരുത്തിയത്. 
വിജയരാഘവനിൽനിന്ന് അങ്ങനെ  ഉണ്ടാകാത്തതിന് അദ്ദേഹം മാത്രമല്ല കാരണക്കാരൻ എന്നതിന് ഇതാ ഒന്നാന്തരം തെളിവ്- മലയാളത്തിന്റെ പ്രിയംകരനായ എഴുത്തുകാരൻ അശോകൻ ചരുവിൽ പരിപൂർണമായും വിജയരാഘവനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നു.  അശോകന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സാംസ്‌കാരിക ലോകത്ത് ഉയർന്നുവരുന്നത്. അരുതായ്മകൾ കാണുമ്പോൾ തിരുത്താൻ ബാധ്യസ്ഥരായ  ബുദ്ധിജീവികളും ഇമ്മട്ടിൽ പിന്തുണ നൽകുന്ന അവസ്ഥയെ ന്യായീകരിക്കുന്നവർ കുറയും. 
പ്രായം, അനുഭവസമ്പത്ത് എന്നിവയും പക്വതയുമായി ഒരു ബന്ധവുമില്ലെന്ന് ഈ വിഷയത്തിൽ പോലീസിൽ പരാതി നൽകിയശേഷം പത്രക്കാരോട് സംസാരിച്ച രമ്യ ഹരിദാസിന്റെ സംസാര ഭാഷയും ശരീരഭാഷയും തെളിയിച്ചു കഴിഞ്ഞു. എവിടെയൊക്കെയോ, ചെന്ന് കയറുന്ന വാക്കുകളും നിലപാടും. ആലത്തൂർ ഡിവൈ.എസ്പി ഓഫീസിലെത്തിയാണ് രമ്യ ചൊവ്വാഴ്ച പരാതി നൽകിയത്. അധിക്ഷേപിക്കുന്ന പരാമർശം അതിര് വിട്ടെന്നും ഇനി ആർക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നുമാണ്  രമ്യാ ഹരിദാസ് പ്രതികരിച്ചത്. തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓർക്കണം. നവോഥാനം സംസാരിക്കുന്ന സർക്കാരിൽനിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോഥാനത്തിന്റെ പേരിൽ വനിതാ മതിലൊക്കെ നടത്തിയ സർക്കാരുമാണ് ഉള്ളത്. അവരാണ് ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിക്കെതിരെ ഇത്തരമൊരു പരാമർശം നടത്തിയത്. തെറ്റ് തെറ്റുതന്നെയാണെന്ന് പറയാൻ മുഖ്യമന്ത്രിപോലും തയാറാകുന്നില്ല. എ. വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ വ്യക്തിത്വം അംഗീകരിക്കാൻ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണം- രമ്യയുടെ അളന്നുമുറിച്ച വാക്കുകൾ.
വ്യക്തികളെയും സമൂഹങ്ങളെയും മറ്റും വേദനാജനകമാം വണ്ണം അധിക്ഷേപിക്കുന്ന വിധം വാക്കും വാചകവും ഉപയോഗിക്കുന്നവർ ആ ശീലം  മാറ്റിയെടുക്കാൻ, പ്രതിഭയുള്ള മുൻഗാമികളെ വായിക്കാനെങ്കിലും തയാറാകണം. എങ്കിൽ നല്ല വാക്കും വാചകവുമൊക്കെ തനിയെ ഊർന്ന് വരും. പ്രതിഭയുള്ള രാഷ്ട്രീയക്കാരുടെ അധിക്ഷേപങ്ങൾപോലും എത്രകണ്ട് വേറിട്ടു നിന്നിരുന്നുവെന്നതിന് ഒരുദാഹരണം- പനമ്പിള്ളി ഗോവിന്ദമേനോൻ എന്ന രാഷ്ട്രീയ പ്രമാണിയെ അന്ന് അപ്രസക്തനായ സി.ജി. ജനാർദ്ദനൻ എന്നയാൾ  തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചപ്പോൾ പനമ്പിള്ളിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു- 'എന്തു ചെയ്യാം, ഞാനൊരു പഴത്തൊലിയിൽ ചവിട്ടി ഒന്നു വീണു...' എന്തൊരു അധിക്ഷേപം അല്ലേ... അതുപോലയാണോ വിജയരാഘവൻ കാലത്തെ കാര്യങ്ങൾ എന്ന് മാത്രം എന്നോർത്തുനോക്കാം- ഒന്നിനുമല്ല, വെറുതെ...


 

Latest News