സീനിയർ നേതാവ് അഹമ്മദ് പട്ടേലിനെ ഭറൂച്ചിൽ മത്സരിപ്പിച്ച് ഗുജറാത്തിൽ പോരാട്ടം ശക്തമാക്കാൻ കോൺഗ്രസ്. ഗുജറാത്തിലെ വാശിയേറിയ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ വർഷം അഹമ്മദ് പട്ടേൽ ജയിച്ചിരുന്നു. അഹ്മദ് പട്ടേലിനെ പരാജയപ്പെടുത്താൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റി.
അഹ്മദ് പട്ടേലിനൊപ്പം അത്തവണ രാജ്യസഭയിലെത്തിയ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽനിന്ന് ജനവിധി തേടുന്നുണ്ട്. എ.ഐ.സി.സി ട്രഷററായ അഹ്മദ് പട്ടേലിന് ജനകീയപ്പോരാട്ടത്തിന് തിരിച്ചെത്താൻ വലിയ താൽപര്യമില്ലെന്നാണ് സൂചന. പട്ടേൽ 28 വർഷമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.
ഗുജറാത്തിലെ കോൺഗ്രസ് ഇൻ ചാർജ് രാജീവ് സതാവും സംസ്ഥാന കോൺഗ്രസ് നേതൃത്വവും ഭറൂച്ചിൽ അഹമ്മദ് പട്ടേൽ മത്സരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗാന്ധി കുടുംബവുമായി ഉറ്റബന്ധം പുലർത്തുന്ന അഹ്മദ് പട്ടേൽ സോണിയാഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്.
ഭറൂച്ചിൽനിന്ന് 1977 ലും 1980 ലും 1984 ലും അഹമ്മദ് പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989 ൽ ബി.ജെ.പിയുടെ ചന്ദു ദേശ്മുഖിനോട് തോറ്റു. പിന്നീട് രാജ്യസഭയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതിനു ശേഷം മണ്ഡലം ബി.ജെ.പി കൈവിട്ടിട്ടില്ല. വീണ്ടും പട്ടേൽ ജനവിധി തേടുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. ഏപ്രിൽ നാലിനാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.
ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച കോൺഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ സാന്നിധ്യം കരുത്തുപകരുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നിരവധി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചതോടെ നേതൃദാരിദ്ര്യവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. 2017 ജൂലൈയിൽ അഹ്മദ് പട്ടേൽ ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പൊരുതി ജയിച്ചതാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തിയതെന്ന് നേതൃത്വം കരുതുന്നു.
ഭറൂച്ചിൽ 2014 ൽ ബി.ജെ.പിയുടെ മൻസുഖ് വാസവയാണ് ജയിച്ചത്. അദ്ദേഹം തന്നെ വീണ്ടും മത്സരിക്കും. ആദിവാസി നേതാവും ജഗാദിയയിലെ നിയമസഭാംഗവുമായ ഛോട്ടുവാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാൻ ആലോചിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. ആദിവാസികളും മുസ്ലിംകളും വലിയ തോതിലുള്ള മണ്ഡലത്തിൽ ഛോട്ടുവാസവയുടെ പിന്തുണ നിർണായകമാണ്. 2014 ൽ സംസ്ഥാനത്തെ 26 മണ്ഡലങ്ങളും ബി.ജെ.പി തൂത്തുവാരിയിരുന്നു.






