Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസുകാര്‍ക്ക് ബോധമുദിച്ചത് സ്വാഗതം ചെയ്ത് ഉമര്‍ അബ്ദുല്ല

ബാരാമുല്ല- സായുധ സേനകള്‍ക്ക് അമിതാധികാരം നല്‍കുന്ന അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) ഭേദഗതി ചെയ്യുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല സ്വാഗതം ചെയ്തു. താന്‍ മുഖ്യമന്ത്രിയായിരിക്കെ, വിവാദ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസിലുള്ള ചിലര്‍ അതിനെതിരെ ഗൂഢാലോചന നടത്തിയെന്നും വൈകിയെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഇക്കാര്യം അവര്‍ തെരഞ്ഞടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചതായിരുന്നു. അന്ന് അഫസ്പ പിന്‍വലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ അതിനെതിരെ ഗൂഢാലോചന നടത്തി. അവരുടെ പേരുകള്‍ എടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. കേന്ദ്ര മന്ത്രിയായിരുന്ന പി.ചിദംബരത്തില്‍നിന്ന് മാത്രമാണ് എനിക്ക് പിന്തുണ ലഭിച്ചിരുന്നത്- ഉമര്‍ അബ്ദുല്ല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അഫസ്പ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്ന് ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കലാപ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നതാണ് അഫസ്്പ നിയമം.
പൗരന്മാരുടെ അവകാശങ്ങളും സുരക്ഷാ സേനയുടെ അധികാരങ്ങളും തമ്മില്‍ സന്തുലിതത്വമുണ്ടാക്കുന്നതിന് 1958 ലെ ആംഡ് ഫോഴ്‌സസ് (സ്‌പെഷ്യല്‍ പവേഴ്‌സ്) ആക്ടില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വന്നാല്‍ അഫസ്പയും ജമ്മു കശ്മീരിലെ ഡിസറ്റര്‍ബ്ഡ് ഏരിയാസ് നിയമവും പുനഃപരിശോധിക്കുമെന്നും ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ജമ്മു കശ്മീരിനു പുറമെ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലുമാണ് അഫസ്പ നിലവിലുള്ളത്. ആരേയും അറസ്റ്റ് ചെയ്യാനും നിയമം ലംഘിക്കുന്ന ആര്‍ക്കുനേരേയും നിറയൊഴിക്കാനും സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് അഫസ്പ.
പൗരന്മാരെ പീഡിപ്പിക്കുന്നതിനും കാരണമില്ലാതെ വെടിവെച്ചു കൊല്ലുന്നതിനും അധികാരം നല്‍കുന്ന അഫസ്പ നിയമം പിന്‍വലിക്കണമെന്ന് മനുഷ്യാവകശ സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരുന്നതാണ്. അഫസ്പ നിലവിലുള്ള പ്രദേശങ്ങളില്‍ വിചാരണ കൂടാതെ പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണിപ്പൂരി ആക്ടിവിസ്റ്റ് ഇറോം ശര്‍മിള 2000 മുതല്‍ 2016 വരെ ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തിയത്.

 

 

Latest News