Sorry, you need to enable JavaScript to visit this website.

വിജയരാഘവൻ നേരത്തെയും അപമാനിക്കാൻ ശ്രമിച്ചു-രമ്യ ഹരിദാസ്

ആലത്തൂർ- ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ഇന്ന് ആലത്തൂർ ഡിവൈ.എസ്.പിക്കാണ് രമ്യ ഹരിദാസ് പരാതി നൽകിയത്. വിജയരാഘവന്റെ പരാമർശം വേദനിപ്പിച്ചുവെന്നും കേരളത്തിൽ സ്ത്രീ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. 
മലപ്പുറത്ത് വിജയരാഘവൻ നടത്തിയ പരാമർശം ആസൂത്രിതമാണ്. ഇദ്ദേഹം നേരത്തെയും തനിക്കെതിരെ സമാനപരാമർശം നടത്തിയിട്ടുണ്ട്. അക്കാര്യം ഇന്നാണ് ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ കോഴിക്കോട്ടും സമാന പരാമർശമാണ് വിജയരാഘവൻ നടത്തിയത്. ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ ബിജു ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഞെട്ടിച്ചു. വ്യക്തിപരമായ വ്യത്യസ്ത ചേരികളിലാണെങ്കിലും പരസ്പരബഹുമാനം കാത്തുസൂക്ഷിക്കുന്നതാണ് തെരഞ്ഞെടുപ്പിലെ മര്യാദ. ആലത്തൂരിനെ പത്തുവർഷം ലോക്‌സഭയിൽ പ്രതിനിധീകരിച്ച പി.കെ ബിജു ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ജനം വിലയിരുത്തട്ടെ. എനിക്കും അച്ഛനും അമ്മയും സഹോദരങ്ങളുമുണ്ട്. വിജയരാഘവന്റെ പരാമർശം അവർ എങ്ങിനെ കാണുമെന്ന് കൂടി ചിന്തിക്കണം. വിജയരാഘവന്റെ പരാമർശം മോശമായി എന്ന് നിരവധി ഇടതുസുഹൃത്തുക്കൾ നേരിട്ടുപറഞ്ഞുവെന്നും രമ്യ പറഞ്ഞു. 
എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര, മഹിള കോൺഗ്രസ് അധ്യക്ഷ ഷാനിമോൾ ഉസ്മാൻ എന്നിവർക്കൊപ്പമാണ് രമ്യ ഹരിദാസ് പരാതി നൽകാൻ രമ്യക്ക് ഒപ്പമെത്തിയത്.
 

Latest News