Sorry, you need to enable JavaScript to visit this website.

രമ്യയോട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല; കുഞ്ഞാലിക്കുട്ടി ദീർഘകാല സുഹൃത്ത്-വിജയരാഘവൻ

മലപ്പുറം- ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ.  തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും സ്ത്രീകൾ പൊതുരംഗത്തേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വിജയരാഘവൻ പറഞ്ഞു. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. ഒരു വനിതയെയും അധിക്ഷേപിക്കില്ല. രമ്യക്ക് വിഷമിക്കേണ്ട കാര്യമില്ല. ആരെയും വേദനിപ്പിക്കുന്ന പരാമർശമല്ല. ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല. മറ്റൊന്നും ഉദ്ദേശിക്കാത്തത് കൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ല. അവർക്ക് വേദനിച്ചുവെങ്കിൽ എനിക്കും വേദനയുണ്ട്.
 ഇടതുമുന്നണിയെ അനുകൂലിക്കുന്ന ആളുകൾ പോലും വിജയരാഘവൻ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും അതിന്റെ ആവശ്യമില്ലെന്ന നിലപാടായിരുന്നു വിജയരാഘവന്റേത്. ആരെയും വേദനിപ്പിക്കുക എന്നത് ലക്ഷ്യമില്ല. കുഞ്ഞാലിക്കുട്ടി ഏറെക്കാലമായി തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിവാദത്തെ രാഷ്ട്രീയപരമായി നേരിടുമെന്നും വിജയരാഘവൻ പറഞ്ഞു. പ്രസംഗത്തിലെ ഒരു പരാമർശം വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയായിരുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി.
ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ കഴിഞ്ഞദിവസം അധിക്ഷേപ പരാമർശം നടത്തിയിരുന്നു.  നോമിനേഷൻ കൊടുക്കാൻ പോയ രമ്യ ഹരിദാസ് ആദ്യം പാണക്കാട്ട് തങ്ങളെ പോയി കണ്ടുവെന്നും തുടർന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചുവെന്നും അതോടെ ആ കുട്ടിയുടെ കാര്യം എന്തായി എന്ന് എനിക്ക് പറയാൻ വയ്യ എന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. യു.ഡി.എഫിന് പുറമെ, ഇടതു അനുകൂല പ്രൊഫൈലുകളും വിജയരാഘവന് എതിരെ രംഗത്തെത്തി. 


 

Latest News