ശ്രീനഗര്‍- ജമ്മു കശ്മീരിലെ ബാനിഹാളില്‍ സി.ആര്‍.പി.എഫ് വാഹനത്തിനു സമീപം പൊട്ടിത്തെറിച്ച കാറിന്റെ ഡ്രൈവറെ രണ്ടു ദിവസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന ഉവൈസ് അമീന്‍ എന്ന 20 കാരനാണ് പിടിയിലായത്.
കാറില്‍നിന്ന് പൊട്ടാത്ത ഒരു സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ ഒര സ്‌ഫോടക വസ്തു മാത്രമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറയുന്നു. സ്‌ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇത് റിമോട്ടില്‍ പ്രവര്‍ത്തിപ്പിച്ചതാണോ ടൈം ബോംബാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
താഴ് വരയിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് അമീനെ അറസ്റ്റ് ചെയ്തതെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ് പറഞ്ഞു. ദേഹത്ത് പൊള്ളലേറ്റ നിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബാനിഹാളില്‍ ശനിയാഴ്ച പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നുവെന്ന് വ്യക്തമായത്. രണ്ട് എല്‍.പി.ജി സിലിണ്ടറുകളുമായി ഘടിപ്പിച്ച ഐ.ഇ.ഡി, ജെലാറ്റിന്‍ സ്റ്റിക്കുകകള്‍ എന്നിവ പൊട്ടിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ദില്‍ബാഗ് സിംഗ് അവകാശപ്പെട്ടു. അറസ്റ്റിലായ യുവാവിനെ ഹിസ്ബുല്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്തതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഷോപിയാനിലെ വെഹില്‍ സ്വദേശിയാണ് അറസ്റ്റിലായ അമീന്‍. ബാനിഹാള്‍ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ഏപ്രില്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അമീന്‍ ഓടിച്ച കാര്‍ സി.ആര്‍.പി.എഫ് ബസില്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാണ് എഫ്.ഐ.ആര്‍. സ്‌ഫോടനം വൈകിയതാണ് യുവാവിന് കാറില്‍നിന്ന് പുറത്തിറങ്ങി രക്ഷപ്പെടാന്‍ അവസരമൊരുക്കിയതെന്നും പോലീസ് പറഞ്ഞു.






