Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിൽ ഉംറ തീർഥാടകരോട്  വിദ്വേഷത്തോടെ പെരുമാറുന്നു

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകരോട് വിദ്വേഷത്തോടെ പെരുമാറുന്നതായി ഗ്രൗണ്ട് ഹാന്റ്‌ലിങ് കമ്പനിക്കെതിരെ വ്യാപക പരാതി. തീർഥാടകരെ കൂട്ടത്തോടെ വിമാനത്താവളത്തിൽനിന്ന് മടക്കുന്നു. വിസിറ്റിങ് വിസക്കാരായ കുടുംബങ്ങളെയും തടഞ്ഞ് ദുരിതത്തിലാക്കുന്നു.
 പതിവ് യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ ഒരുക്കാതെയും, മഹ്‌റമിന്റെ പേരിൽ തീർഥാടകരെ കൂട്ടത്തോടെ വിമാനത്താവളത്തിൽ നിന്ന് മടക്കുന്നതായുമാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം 18 പേരുടെ യാത്രയാണ് മഹ്‌റമിന്റെ പേരിൽ മുടങ്ങിയതെന്ന് തീർഥാടകർ പറയുന്നു. 45 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് മഹ്‌റമില്ലാതെ ഹജിനും ഉംറക്കും അനുമതി സൗദി നൽകിയിട്ടുണ്ട്. എന്നാൽ നിസ്സാര കാരണങ്ങൾ പറഞ്ഞ് മഹ്‌റമായി പോകുന്ന പുരുഷന്റെ യാത്ര റദ്ദാകുന്നതോടെ സ്ത്രീകളുടെ യാത്രയും ഇവർ റദ്ദാക്കുകയാണ്.
കരിപ്പൂരിൽ ഗ്രൗണ്ട് ഹാന്റ്‌ലിങ് നടത്തുന്ന പ്രമുഖ കമ്പനിയുടെ കൗണ്ടറിൽ നിന്നാണ് മഹ്‌റമിന്റെ പേരിൽ യാത്ര തടയുന്നത്. ദിനേന തൊള്ളായിരത്തിലേറെ പേരാണ് ഉറ തീർഥാടകരായി കരിപ്പൂരിലെത്തുന്നത്.
സൗദി എയർലൈൻസിൽ നേരിട്ടും കണക്ഷൻ വിമാനങ്ങളിലുമായാണ് ഇവർ യാത്രക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ മസ്‌കത്ത് വഴി ജിദ്ദയിലേക്ക് പോകാനെത്തിയ 18 ഉംറ തീർഥാടകരെയാണ് ഇങ്ങനെ മടക്കിയത്.
പതിവ് യാത്രക്കാർക്ക് ടെർമിനലിൽ നിന്ന് നേരിട്ട് വിമാനത്തിൽ കയറാൻ എയ്‌റോ ബ്രിഡ്ജ് നൽകുമ്പോൾ ഉംറ തീർഥാടകരെ ഗോവണി വഴി കയറ്റിയാണ് വിമാനത്തിൽ പ്രവേശിപ്പിക്കുന്നത്. പ്രായമായവർ ലഗേജ് കയ്യിലേന്തി ഗോവണി കയറേണ്ട ഗതികേടാണുളളത്. തീർഥാടകരോട് മോശം പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
വേനലവധിയിൽ വിസിറ്റിങ് വിസയിൽ യാത്രക്കെത്തുന്നവരും വർധിച്ചിട്ടുണ്ട്. എന്നാൽ വിസ സ്റ്റാമ്പിംഗിലെ ചെറിയ തെറ്റുകൾക്ക് പോലും യാത്ര തടഞ്ഞ് യാത്രക്കാരെ ദുരിതത്തിലാക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. കരിപ്പൂരിൽ വിമാന സർവീസുകൾ വർധിച്ചതോടെ യാത്രക്കാരും ഏറെയാണ്. ഗ്രൗണ്ട് ഹാന്റ്‌ലിങ് കരാർ ജീവനക്കാരുടെ വിദ്വേഷ നടപടിക്കെതിരെയും പിടിപ്പുകേടിനെതിരെയും വ്യാപക പരാതിയാണ് ഉയരുന്നത്.


 

Latest News