Sorry, you need to enable JavaScript to visit this website.

കിഴക്കൻ പ്രവിശ്യയെ ഇളക്കി മറിച്ച ബോളിവുഡ് ഉത്സവത്തിന് തിരശ്ശീല

ബോളിവുഡ് ഗായകരായ ഷാൻ, ജോനിത ഗന്ധി, ശ്വേത സുബ്രം എന്നിവർ നിറസദസ്സിന് മുമ്പിൽ ഗാനമാലപിക്കുന്നു. 
ലൈവ് ഡി.ജെ  

ദമാം - കിഴക്കൻ പ്രവിശ്യയെ ഇളക്കി മറിച്ച ബോളിവുഡ് ഉത്‌സവത്തിനു വർണാഭമായ സമാപനം. രണ്ടാഴ്ചയായി മൗസിമുശ്ശർഖിയ്യ എന്ന പേരിൽ സൗദി വിനോദസഞ്ചാര, ദേശീയ പൈതൃക കമ്മീഷന് കീഴിൽ നടത്തിവരുന്ന വൈവിധ്യമാർന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് ഉത്സവം രാജ്യം ഇന്നേ വരെ ദർശിക്കാനാവാത്ത ചരിത്ര സംഭവത്തിനു സാക്ഷിയായി. കഴിഞ്ഞ മൂന്നു ദിവസമായി അൽ കോബാർ കോർണിഷിൽ സംഘടിപ്പിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ബോളിവുഡ് നർത്തകികളും ഗായകരുമാണ് ആടിത്തിമർത്തത്. ആയിരക്കണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത പരിപാടിയിൽ തുറന്ന വേദിയിൽ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ചപ്പോൾ സ്ത്രീകളടക്കമുള്ള യുവത ഗാനത്തിനൊപ്പം ചുവടുവെച്ചു. സാധാരണ യുറോപ്യൻ രാജ്യങ്ങളിലും വികസന രാജ്യങ്ങളിലും കണ്ടുവരുന്നതിനെക്കാളും വർണപ്പകിട്ടോടെ നടന്ന പരിപാടി അക്ഷരാർത്ഥത്തിൽ ടൂറിസം രംഗത്ത് രാജ്യത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കുകയായിരുന്നു. ബോളിവുഡ് ഗായകൻ ഷാൻ, ഗായികമാരായ ജോനിത ഗന്ധി, ശ്വേത സുബ്രം തുടങ്ങിയവർ വ്യത്യസ്ത വേദികളിൽ അൽകോബാറിന്റെ ഹൃദയം കവർന്നു.
രണ്ടാഴ്ചയായി ഹോളിവുഡ്, ബോളിവുഡ് ഗായകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ച് വിവിധ കോർണിഷുകൾ കേന്ദ്രീകരിച്ചു നടത്തിയ സംഗീത പരിപാടി കിഴക്കൻ പ്രവിശ്യയിലേക്ക് ആഗോള ശ്രദ്ധയാകർഷിച്ചിരുന്നു.   
വിദേശ കലാകാരന്മാരുടെ കിഴക്കൻ മേഖലയിലേക്കുള്ള വരവ് കാരണം നഗരത്തിലെ ഹോട്ടലുകളും അപ്പാർട്ടുമെന്റുകളും നിറഞ്ഞു കവിഞ്ഞു. സൗദിയിലെ ഇതര പ്രവിശ്യകളിൽ നിന്നെത്തിയവർക്ക് വാരാന്ത്യങ്ങളിൽ ഇവിടെ തങ്ങുന്നതിനു ഏറെ ക്ലേശകരമായിരുന്നു. വാരാന്ത്യങ്ങളിൽ ദമാം, അൽകോബാർ കോർണിഷുകളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗവും, അൽകോബാറിൽ പ്രത്യേകം ഒരുക്കിയ ദിനോസർ പാർക്കും ഏറെ ശ്രദ്ധേയമായി. ട്രാവലേഴ്‌സ് ബാൻഡ്, ലൈവ് ഡി ജെയും ഇതുവരെ സൗദിയിൽ കണ്ടിട്ടില്ലാത്ത പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ദമാം കോർണിഷിൽ സംഘടിപ്പിച്ച റെഡ് ബുൽ എയർ ഷോ കാണികളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു.
സംഗീതക്കച്ചേരിയുടെ ലൈറ്റ് ആന്റ് സൗണ്ട് ഏകോപനം നിർവഹിച്ചത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോളിവുഡ് പാർക്കിന്റെ എന്റർടെയ്‌മെന്റ് ഡയറക്ടർ അഭിഷേക് മാത്തൂർ ആണെന്നതും ശ്രദ്ധേയമാണ്. 

 

Latest News