സൽമാൻ രാജാവ്  കിഴക്കൻ പ്രവിശ്യയിൽ

തുനീഷ്യൻ സന്ദർശനം പൂർത്തിയാക്കി കിഴക്കൻ പ്രവിശ്യയിലെത്തിയ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ ദഹ്‌റാൻ കിംഗ് അബ്ദുൽഅസീസ് എയർബെയ്‌സ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. 

ദമാം- തുനീഷ്യൻ തലസ്ഥാനമായ തുനീസിൽ നടന്ന അറബ് ഉച്ചകോടിയിൽ പങ്കെടുത്തും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് കിഴക്കൻ പ്രവിശ്യയിലെത്തി. ഞായറാഴ്ച വൈകി ദഹ്‌റാൻ കിംഗ് അബ്ദുൽഅസീസ് എയർബെയ്‌സ് വിമാനത്താവളത്തിൽ ഇറങ്ങിയ രാജാവിനെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 
സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, സുൽത്താൻ ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ രാജകുമാരൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ തുടങ്ങി നിരവധി രാജകുടുംബാംഗങ്ങളും പൗരപ്രമുഖരും രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു. വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, മീഡിയ മന്ത്രി തുർക്കി ബിൻ അബ്ദുല്ല അൽശബാന, റോയൽ പ്രോട്ടോകോൾ മേധാവി ഖാലിദ് ബിൻ സ്വാലിഹ് അൽഅബ്ബാദ് എന്നിവർ സൽമാൻ രാജാവിനെ അകമ്പടി സേവിച്ചിരുന്നു.  

 

Latest News