പാക്കിസ്ഥാനിലുമുണ്ടൊരു ദ്രൗപദി, ഭാര്യയെ പണയം വെച്ച് ചൂതുകളിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ലാഹോര്‍- പത്‌നിയെ പണയം വെച്ച കഥ മഹാഭാരതത്തില്‍ മാത്രമല്ല, അങ്ങ് പാക്കിസ്ഥാനില്‍നിന്നുമുണ്ട്. ദ്രൗപദിയെ വസ്ത്രമുരിഞ്ഞാക്ഷേപിച്ച കൗരവര്‍ക്കെതിരെ പാണ്ഡവര്‍ യുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെങ്കില്‍ ലാഹോറില്‍നിന്ന് 131 കി.മീ അകലെ ചിനിയോട്ട് എന്ന ചെറുപട്ടണത്തില്‍ ചൂതില്‍ പരാജയപ്പെട്ട ഭര്‍ത്താവിന്റെ പണയ വസ്തുവായ ഭാര്യ, സുഹൃത്തുക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവില്‍നിന്ന് മര്‍ദനമേല്‍ക്കുകയാണ് ചെയ്തത്.
യുവതി പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അലി റാസയെ അറസ്റ്റ് ചെയ്തു. മദ്യവും ലഹരിവസ്തുക്കളും സ്ഥിരം ഉപയോഗിക്കുന്നയാളാണ് അലി റാസ.
മദ്യപാനവും ചൂതുകളിയുമാണ് ഇയാളുടെ ഹോബിയെന്ന് ഭാര്യ പറഞ്ഞു. മൂന്നു സൂഹൃത്തുക്കളുമായി ചൂതുകളിച്ച അലിറാസ ഭാര്യയെത്തന്നെ പണയവസ്തുവാക്കി. കളിയില്‍ തോല്‍ക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ കൂട്ടുകാരോടൊപ്പം പോകാന്‍ വിസമ്മതിച്ച യുവതിക്ക് മര്‍ദനവും കിട്ടി. മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തുകയും ചെയ്തു. ഗുരുതരമായ പരിക്കാണ് ശരീരത്ത് ഏറ്റത്.
വിവാഹമോചനം ചെയ്ത ഭാര്യയുടെ നാവ് അറുത്ത സംഭവം ലാഹോറില്‍നിന്ന് രണ്ടു ദിവസം മുമ്പാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Latest News