ഞങ്ങൾ ന്യൂനപക്ഷ സംരക്ഷകർ

എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്ററും തമിഴ്‌നാട്ടിലെ ഉപമുഖ്യമന്ത്രിയുമായ ഒ.പനീർശെൽവം പാർട്ടിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കുന്നു. 

ചോ: ബി.ജെ.പി ന്യൂനപക്ഷത്തിന് എതിരെ നിലകൊള്ളുന്ന പാർട്ടിയല്ലേ?
ഉ: കഴിഞ്ഞ അഞ്ചു വർഷത്തെ മോഡി ഭരണത്തിൽ ജാതി സംഘർഷങ്ങളോ മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളോ ഉണ്ടായിട്ടില്ല. ഏതെങ്കിലും മതവിഭാഗത്തെ ഭയപ്പെടുത്തി നിർത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല. സംസ്ഥാന ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ന്യൂനപക്ഷ സംരക്ഷകരായാണ് പ്രവർത്തിക്കുന്നത്. അവരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും പ്രോഗ്രാമുകളും നടപ്പാക്കുന്നുമുണ്ട്. 

ചോ: എ.ഐ.എ.എ.ഡി.എം.കെ കുറഞ്ഞ സീറ്റുകളിലാണ് മത്സരിക്കുന്നത് എന്നത് പാർട്ടിയുടെ ശക്തിക്ഷയത്തിന്റെ സൂചനയല്ലേ? തമിഴ്‌നാടിന്റെ തെക്കൻ ജില്ലകൾ എ.ഐ.എ.ഡി.എം.കെ ശക്തികേന്ദ്രങ്ങളായാണ് കരുതിപ്പോന്നിരുന്നത്. എന്നിട്ടും മേഖലയിലെ 10 സീറ്റിൽ മൂന്നിൽ മാത്രമാണ് പാർട്ടി മത്സരിക്കുന്നത്?
ഉ: തുടക്കം മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വ്യത്യസ്തമായ തന്ത്രങ്ങൾ സ്വീകരിച്ചുപോന്നിട്ടുണ്ട്. എ.ഐ.എ.ഡി. എം.കെ ഈ തെരഞ്ഞെടുപ്പിൽ മറ്റു കക്ഷികളുമായി ഉണ്ടാക്കിയ സഖ്യം ശക്തിക്ഷയത്തിന്റെ സൂചനയല്ല. നിരവധി നല്ല കക്ഷികൾ സഖ്യത്തിനുള്ള അഭ്യർഥനയുമായി സമീപിക്കുമ്പോൾ അവ നിരസിക്കുകയല്ല, അവർക്ക് സീറ്റ് നൽകി ഒപ്പം കൂട്ടുകയാണ് വേണ്ടത്. എല്ലാ സഖ്യകക്ഷികളെയും തുല്യമായാണ് ഞങ്ങൾ കാണുന്നത്.
പ്രതിപക്ഷം പ്രചാരണ തന്ത്രമെന്ന നിലയിലാണ് ഞങ്ങൾ സംസ്ഥാനത്ത് എല്ലായിടത്തും ഒരേ രീതിയിൽ ശക്തമല്ലെന്ന വ്യാജം പടച്ചുവിടുന്നത്. ചില മേഖലകളിൽ മാത്രമാണ് എ.ഐ.എ.ഡി. എം.കെ ശക്തമെന്ന് ഞങ്ങൾ അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഒരേ രീതിയിൽ ശക്തരാണ് ഞങ്ങൾ. 

ചോ: എ.ഐ.എ.ഡി.എം.കെ പട്ടികയിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പ്രാതിനിധ്യമില്ല?
ഉ: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് അവർക്ക് കുറച്ചു സീറ്റേ നൽകാൻ കഴിയൂ. ഭാവിയിൽ ഈ പിഴവ് തിരുത്തും. 

ചോ: അഭിപ്രായ സർവേകളിൽ ഡി.എം.കെ മുന്നണിക്കാണ് സാധ്യത കാണുന്നത്?
ഉ:  അഭിപ്രായ സർവേകൾ പല അവസരത്തിലും പിഴച്ചിട്ടുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സ്ഥിതി. വോട്ട് എണ്ണിത്തീരുന്നതു വരെ ഇലക്ഷൻ ഫലം വ്യക്തമാവില്ല. 

ചോ: ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം എ.ഐ.എ.ഡി.എം.കെക്ക് ഭീഷണിയാണോ?
ഉ: എ.ഐ.എ.ഡി.എം.കെയുടെ ഒരു പ്രവർത്തകനും ദിനകരൻ ക്യാമ്പിലേക്ക് പോയിട്ടില്ല. ഒരു ശതമാനം പോലും ജനപിന്തുണയും അവർക്കില്ല. വ്യക്തിതാൽപര്യത്തിനു വേണ്ടിയാണ് അദ്ദേഹം പാർട്ടി കൊണ്ടുനടക്കുന്നത്. 2017 ൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കും മറ്റുമൊപ്പം ഒരു മാസം എന്തുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കാനായില്ലെന്ന് ഇപ്പോഴും ബോധ്യമാവും വിധം വിശദീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 

Latest News