കോട്ടയത്ത് പ്രചാരണ രംഗത്ത്  കെ.എം. മാണിയുടെ അസാന്നിധ്യം  

കോട്ടയം -  ഇക്കുറി തെരഞ്ഞെടുപ്പ് വേദിയിൽ ഇതുവരെ കെ.എം. മാണിയില്ല.  പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും സ്വന്തം നാടായ കോട്ടയത്ത് മാണി സാറില്ല. യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ വാഹന പ്രചാരണത്തിന് ഇന്നലെ വൈക്കത്ത് തുടക്കമായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഫഌഗ് ഓഫ് ചെയ്തത്. യുഡിഎഫിന്റെ മറ്റെല്ലാ നേതാക്കളും എത്തി. കെഎം മാണിയെ പ്രവർത്തകർ പ്രതീക്ഷിച്ചു. വന്നില്ല.
കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായ കെഎം മാണി തെരഞ്ഞെടുപ്പ് രംഗത്ത് കണ്ടത് സ്ഥാനാർഥി പ്രഖ്യാപന ദിനമായിരുന്നു. പി.ജെ ജോസഫല്ല മറിച്ച് തോമസ് ചാഴിക്കാടനാണ് സ്ഥാനാർഥിയെന്ന തീരുമാനം പ്രഖ്യാപിച്ചത് കെഎം മാണിയാണ്. പാലായിലെ വസതിയിൽ വെച്ച്. ആരോഗ്യനില തൃപ്തികരമല്ലെന്ന വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ചുവടുവെപ്പും. ആരോഗ്യനില മെച്ചമല്ലാത്തതിനാലാണ് കെ.എം മാണി പിൻമാറിയതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ആരോഗ്യപരമായ കാരണങ്ങളാൽ മാണി വിശ്രമിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്നും അദ്ദേഹം വിട്ടുനിൽക്കുന്നതെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.
അര നൂറ്റാണ്ടിനിടയിൽ കെഎം മാണി  പ്രവർത്തനത്തിന് സജീവമായി ഇറങ്ങാത്ത  ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ 55 വർഷമായി ഓരോ തെരഞ്ഞെടുപ്പിലും കെഎം മാണിയുണ്ട്. പരാജയമറിയാത്ത പോരാളി. ഒരുപക്ഷേ ഒരിക്കൽ പോലും ജനഹിത പരിശോധനയിൽ പരാജയപ്പെടാത്ത ഏക നേതാവ് കെഎം മാണിയായിരിക്കും. 
വലതുപക്ഷത്തിനു വേണ്ടി മാത്രമല്ല ഇടതുപക്ഷത്തിന് വേണ്ടിയും മാണി വോട്ടു ചോദിച്ച ചരിത്രം ഓർമിച്ചെടുക്കാൻ കഴിയും. കത്തിക്കയറുന്ന പ്രസംഗം ആരെയും ആവേശം കൊള്ളിക്കും. ഇടയ്ക്ക് ശ്വാസം ഉടക്കുമ്പോൾ ഒരു ചുമ. വീണ്ടും മാണിസാർ സടകുടഞ്ഞ് എഴുന്നേൽക്കുന്നു. യുഡിഎഫ് വേദിയിലെ പ്രമുഖർക്കൊപ്പം എത്രയെത്ര വേദികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ കെഎം മാണി കടുത്ത മത്സരമാണ് നേരിട്ടത്. ബാർകോഴ ആരോപണത്തിൽ കെഎം. മാണി വീഴുമെന്ന് എതിരാളികൾ കരുതി. പക്ഷേ പാലാക്കാർ പ്രിയപ്പെട്ട മാണി സാറിനെ കൈവിട്ടില്ല.
 മാണിയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ് ഈ തെരഞ്ഞെടുപ്പ്. പ്രത്യേകിച്ച് കേരളാ കോൺഗ്രസിലെ സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ് നഷ്ടം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് പ്രഖ്യാപിച്ചത്. വർക്കിങ് ചെയർമാൻ പിജെ ജോസഫ് സീറ്റിനായി മുറവിളി കൂട്ടിയെങ്കിലും അത് കിട്ടിയില്ല. 
ചാഴിക്കാടനൊപ്പം പരിഗണിക്കപ്പെട്ട സ്റ്റീഫൻ ജോർജ്; പ്രിൻസ് ലൂക്കോസ്, ജോസ് പുത്തൻകാല, സിറിയക് ചാഴിക്കാടൻ തുടങ്ങിയവരെല്ലാം അവസാന റൗണ്ടിപ്പോൾ തഴയപ്പെട്ടു.  എന്നാൽ കേരളാ കോൺഗ്രസിന്റെ ഉറച്ച കോട്ടയായ കോട്ടയത്ത് ചാഴിക്കാടന്റെ പ്രചാരണം ഇപ്പോഴും ആവേശം കൈവന്നിട്ടില്ല. പണസ്രോതസ്സിന്റെ കുറവുണ്ടെന്ന് സ്ഥാനാർഥി തന്നെ പരസ്യമായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാബു ചാഴിക്കാടൻ അപ്രതീക്ഷിതമായി ഇടിമിന്നലേറ്റ് വീണപ്പോൾ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലേക്ക് ബാങ്കിൽ നിന്നും കൈപിടിച്ച് കൊണ്ടുപോയി വിജയിപ്പിച്ചത് കെഎം മാണിയായിരുന്നു. പിന്നെ രണ്ടു പതിറ്റാണ്ട് എംഎൽഎ. പക്ഷേ പാർലമെന്റിലേക്ക് വന്നപ്പോൾ ചാഴിക്കാടന് വേദിയിൽ ആ കരുത്തേറിയ സാന്നിധ്യമില്ല. മാണി സാർ ഈ പ്രതിസന്ധിയുടെ ദിനങ്ങൾ താണ്ടി കരുത്തോടെ തിരിച്ചുവരുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
 

Latest News