മുസ്‌ലിം രാഷ്ട്രീയത്തിന് നല്ല വേരിറക്കമുള്ള കേരളത്തിലേക്ക് മത്സരിക്കാനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ നൽകുന്ന രാഷ്ട്രീയ സന്ദേശം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. മുസ്‌ലിം ലീഗുള്ള മുന്നണിയിലോ എന്ന് വാർത്തയുടെ ആദ്യഘട്ടത്തിൽ തന്നെ മുഖം ചുളിച്ചവരുടെ ലക്ഷ്യം ഇസ്‌ലാമോഫോബിയയുടെ സാധ്യതാ പരിശോധനയായിരുന്നു. പിന്നീടെപ്പോഴോ അത്തരം വാക്കുകളിൽ നിന്ന് സി.പി.എം നേതാക്കൾ മെല്ലെ വിട്ടുനിന്നു. രാഹുൽ വയനാട്ടിലേക്ക് വരില്ല എന്ന് തന്നെയായിരുന്നിരിക്കാം അപ്പോഴെല്ലാം അവർ കരുതിയിരിക്കുക. കോൺഗ്രസ് സഖ്യത്തിന്റെ വക്താവായ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ദക്ഷിണേന്ത്യ ആദ്യം നിർദേശിച്ചതെന്ന വിവരം ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. തമിഴ്‌നാടോ, കർണാടകയോ ഒക്കെയായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷേ ഒടുവിലത് തന്റെ പാർട്ടിയുടെ നെഞ്ചത്ത് തന്നെ വന്നു വീഴുമെന്ന് ഒരിക്കലുമദ്ദേഹം കരുതിക്കാണില്ല. ഞായാറാഴ്ച ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ആ പ്രഖ്യാപനം പുറത്ത് വരുമ്പോൾ അദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമെതിരെ കത്തിക്കയറവേ സ്റ്റേജിലുണ്ടായിരുന്ന എം.വിജയകുമാറാണ് ഒരു കുറിപ്പിലൂടെ രാഹുൽ സ്ഥാനാർഥിയായ വിവരം അദ്ദേഹത്തെ അറിയിച്ചത്. അപ്പോൾ സമയം രാവിലെ 11.30. കുറിപ്പ് വാങ്ങി വായിച്ച് പോക്കറ്റിലിട്ട യെച്ചൂരി ഒന്നും പ്രതികരിച്ചില്ല. ഒരു മണിക്ക് പത്രപ്രവർത്തക യൂണിയൻ ആസ്ഥാനത്ത് നടത്തിയ മുഖാമുഖത്തിലും രാഹുൽ പോകുന്നെങ്കിൽ പോകട്ടെ എന്ന വർത്തമാനമൊന്നുമില്ല. വയനാട്ടിൽ രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിന്റെ സന്ദേശമെന്താണ് എന്ന പഴയ ചോദ്യം മാത്രം. പ്രസ് ക്ലബ്ബിൽ മുഖാമുഖത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും തുടക്കം മുതൽ സ്വീകരിച്ച നിലപാടിൽ തന്നെയായിരുന്നു- വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന ലളിത ചോദ്യം മാത്രം. അമേത്തിയിലെ പരാജയം ഭയന്നാണ് ഇങ്ങോട്ട് വന്നതെന്ന് പറയാനൊന്നും അദ്ദേഹം തയാറായില്ല. സ്ഥാനാർഥിത്വ വിവരം അറിഞ്ഞപ്പോൾ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'സ്വന്തം സീറ്റിൽ പോലും ആത്മവിശ്വാസമില്ലാത്ത രാഹുൽ ഗാന്ധിക്ക് എങ്ങനെ ബി.ജെ.പിക്കെതിരായ മുന്നണിക്ക് നേതൃത്വം നൽകാൻ സാധിക്കും?'
നെയ്യാറ്റിൻകരയിലെ പൊതുയോഗത്തിൽ സി.പി.എമ്മിന്റെ ഒന്നാംനിര നേതാവ് വിജയകുമാർ അടിയന്തരമായി നൽകിയ കുറിപ്പ് മുതലുള്ള കാര്യങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്ത സീതാറാം യെച്ചൂരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ശരീര ഭാഷയും സംസാര ഭാഷയും മനസ്സിലാക്കാൻ പക്ഷേ പാർട്ടി മുഖപത്രത്തിന് സാധിച്ചില്ല. 'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്‌ട്രൈക്ക്' എന്ന് അവർ മുഖപ്രസംഗമെഴുതി. ഇമ്മാതിരി എന്തെങ്കിലുമൊന്ന് കണ്ടാൽ കോൺഗ്രസ് പോരാളി വി.ടി.ബൽറാമുണ്ടോ അടങ്ങിയിരിക്കുന്നു? ഫേസ് ബുക്ക് വഴി നല്ലൊരു സർജിക്കൽ സ്‌ട്രൈക്കങ്ങ് നടത്തി. അതിങ്ങനെ: 'സി.പി.എമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സി.പി.എമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം...
എറണാകുളത്തെ സി.പി.എം സ്ഥാനാർത്ഥി കൂടിയായ പി. രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തെയാണ് വെളിപ്പെടുത്തുന്നത്. അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയാറാവണം.'
ഹരജിപ്പുറത്തായിരുന്നു പ്രതികരണം. റസിഡന്റ് എഡിറ്റർ പി.എം. മനോജിന്റെ അടിയന്തര ഫേസ്ബുക്ക് പോസ്റ്റിലെ വരികളിൽ അങ്ങനെ എഴുതിപ്പോയതിലുള്ള ഖേദം ഇങ്ങനെ വായിക്കാം.
'രാഹുൽ ഗാന്ധിയെ എന്നല്ല രാഷ്ട്രീയ നേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽ ഗാന്ധിയെ ബി.ജെ.പി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിന്റെ വടകര സ്ഥാനാർഥിയായ കെ. മുരളീധരൻ സോണിയാ ഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്‌െ്രെടക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത ക്കുറവ് കൊണ്ടുണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല.
പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി. രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഞങ്ങൾ ഏതായാലും രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രതക്കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.'
രാഹുൽ ഗാന്ധിക്കെതിരെയുള്ള അതിരുവിട്ട കടന്നാക്രമണങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയാകാം ഈ അടിയന്തര നിലപാട് മാറ്റത്തിന് പിന്നിലെന്ന ഊഹം ന്യായം. പക്ഷേ അപ്പോഴേക്കും സി.പി.എമ്മിന്റെ ഏറ്റവും മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ ദേശാഭിമാനി മുഖപ്രസംഗത്തെയും കടത്തിവെട്ടുന്ന ആ പഴയ പദപ്രയോഗങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലെ അവസാന വരികൾ 'രാഹുൽ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വർധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബി.ജെ.പിയെയും നേരിടും. എന്നാൽ, കോൺഗ്രസിന്റെ കാര്യമോ? ഇതുവരെ പാടി നടന്ന, ബി.ജെ.പിയാണ് മുഖ്യ ശത്രു എന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുൽ വെറുമൊരു കോൺഗ്രസുകാരനല്ല. കോൺഗ്രസിന്റെ അവസാന വാക്കാണ്. ഇരിക്കുന്ന കൊമ്പിൽ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാൻ അമുൽ ബേബി എന്ന് വിളിച്ചത്. ആ വിളി തന്നെ ഇന്നും പ്രസക്തമാണ്.'
സി.പി.എമ്മിൽ ഒരു വിഭാഗം രാഹുൽ വിഷയത്തിൽ അസാധാരണമായ സംയമനത്തിന്റെ ഭാഷ സ്വീകരിക്കുമ്പോൾ വി.എസ്. ഇപ്രകാരം രംഗപ്രവേശം ചെയ്തത് എന്തിനാകാം? കാത്തിരുന്നു കാണാം.






