Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാറുന്ന മണ്ഡലങ്ങളും മുഖങ്ങളും

രാഹുൽ ഗാന്ധി വയനാടിൽ പതിവില്ലാത്ത ഒരു വിനോദവാതം ഇളക്കി വിട്ടു. 'പ്രകൃതി കെട്ടിയ കോട്ട പോലെ എന്ന് ഉള്ളൂർ വിശേഷിപ്പിച്ച സഹ്യാദ്രിയുടെ ഉത്തമാംഗത്തിൽ രൂപം പൂണ്ട ഈ നിയോജകമണ്ഡലം പെട്ടെന്നൊരു ദിവസം ഇങ്ങനെ പ്രസിദ്ധമാകുമെന്ന് ആരും കരുതിയിരിക്കില്ല. ഒരു കാലത്ത് ആൾവിൽപന ഉൾപ്പെടെ നടന്നിരുന്ന വയനാടിനെ കെ. പാനൂർ കേരളത്തിലെ ആഫ്രിക്കയായി ചിത്രീകരിച്ചു. ഉപജീവനം തേടിയെത്തിയ കാഞ്ഞിരപ്പള്ളിക്കാരുടെ ദുരയും ദുരിതവും പൊറ്റെക്കാട്ടിന്റെ വിഷകന്യകയിൽ നടമാടി. ഞാൻ പാനൂരിനെ കാണുമ്പോഴേക്കും അദ്ദേഹം
 വയനാടിന്റെ പേരു മാറ്റിയിരുന്നു. 'ഇപ്പോൾ അത് 'കേരളത്തിലെ അമേരിക്ക'യാണ്. പാനൂർ ഒട്ടൊക്കെ പരാതിയോടെ പറഞ്ഞു.
പാനൂർ പറഞ്ഞതാണ് ശരി.  മലമ്പനി വിതക്കുകയും ഓപ്പോൾ എന്ന സിനിമയിൽ ബാലൻ കെ. നായരുടെ കഥാപാത്രത്തെ വെട്ടിപ്പിടിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്ന വയനാടൻ അവസ്ഥ സുഖശീതളമായിരിക്കുന്നു. കാടിന്റെ ഇരുളും കുളിരും ഉൾക്കൊള്ളാൻ വിനോദസഞ്ചാരികളും വെറും വിനോദന്മാരും അവിടവിടെ റിസോർട്ടുകൾ
പണിതുപൊക്കിയിട്ടുണ്ട്. വയനാട് എന്താണ് എന്ന് സാമാന്യവിജ്ഞാനത്തിൽ ചോദ്യം വന്നാൽ ഇപ്പോഴത്തെ കുട്ടികൾ പറയുമായിരിക്കും, 'കേരളത്തിലെ ഒരു സുഖവാസകേന്ദ്രം.'
നിറം തികഞ്ഞ രാഷ്ട്രീയഭാവന ആടിക്കളിച്ചിരിക്കും പലരുടെയും മനസ്സിൽ, വയനാടിനെ പ്രധാനമന്ത്രിയാകാൻ ഇടയുള്ള ഒരാളുടെ മണ്ഡലമാക്കുന്ന കാര്യം ആലോചിച്ചപ്പോൾ. ഒരു കാര്യം ഉറപ്പിക്കാം: വയനാട്ടിലെ ഒരു നിത്യസന്ദർശകനാവില്ല രാഹുൽ ഗാന്ധി. അധികാരത്തിന്റെ താവളം വയനാട്ടിൽനിന്ന് ഏറെ അകലെയാകുന്നു.
എന്തിനാണ് ഒരാൾ ഒന്നിലേറേ മണ്ഡലങ്ങളിൽ മത്സരിക്കുന്നത്? നെഹ്‌റു ഫുൽപൂർ കൊണ്ട് തൃപ്തിപ്പെട്ടു. അവിടെ എന്നും പരാജയപ്പെട്ടിരുന്ന എതിർസ്ഥാനാർഥി ഉണ്ടായിരുന്നോ എന്നു പോലും ഓർമയില്ല. നെഹ്‌റുവിന്റെ മകൾ അകലെയല്ലാത്ത റായ്ബറേലിയിൽ നിലയുറപ്പിച്ചു. രാഷ്ട്രീയമായ അച്ചടക്കമില്ലായ്മക്ക് പേരു കേട്ട സോഷ്യലിസ്റ്റായ രാജ് നാരായൺ അവിടെ കലാപം കൊളുത്തിവിട്ടപ്പോൾ ഇന്ദിരാഗാന്ധി കാപ്പിത്തോട്ടങ്ങളുടെ നാടായ ചിക്മംഗഌരിലേക്കു പോയി. വീണ്ടും  തെരഞ്ഞെടുപ്പ് വന്നപ്പോൾ ഭാഗ്യപരീക്ഷണം ഇന്ദിര റായ്ബറേലിയിൽ ഒതുക്കിയില്ല. രണ്ടു മണ്ഡലത്തിലാകട്ടെ അത്തവണ മത്സരമെന്ന് അവർ വിധിച്ചു. അന്നേ വരെ സൂര്യൻ എത്തിനോക്കിയിട്ടില്ലാത്ത ആന്ധ്രയിലെ മേഡക് സുരക്ഷിതസ്ഥാനമായി കണ്ടെത്തി. സ്ഥാനാർഥിയുടെ സുരക്ഷയാണ് നോട്ടം. അതിനു മുമ്പോ പിന്നീടോ മേഡക് സംസാരവിഷയമായില്ല, വയനാടിനെപ്പോലെ.
മത്സരിക്കാതെ പ്രധാനമന്ത്രിയായ നരസിംഹ റാവുവിന് മണ്ഡലം കണ്ടെത്തേണ്ടി വന്നപ്പോൾ തന്റെ നാടായ ആന്ധ്രയിൽ തന്നെ ആകട്ടെ എന്ന് അദ്ദേഹവും ആഘോഷവൃന്ദവും നിശ്ചയിച്ചു, അന്നത്തെ രാഷ്ട്രീയകാലാവസ്ഥയിൽ ആർക്കും മനസ്സിലാക്കാവുന്ന പോലെ, ആരോഗ്യസ്ഥിതിയായിരുന്നു മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ തല മൂത്ത കോൺഗ്രസുകാരനായിരുന്ന നരസിംഹറാവു ഉന്നയിച്ച കാരണം. അങ്ങനെയിരിക്കേ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. പുതിയ നേതാവിന്റെ ഒഴിവു വന്നു.  ഭൈമീകാമുകർ പലരുണ്ടായിരുന്നെങ്കിലും നറുക്ക് വീണത് റാവുവിനായിരുന്നു.
മൗനവും നിഷ്‌ക്രിയത്വവുമായിരുന്നു റാവുവിന്റെ ശൈലി. പറയാതെ കഴിക്കാവുന്ന വാക്കുകളൊക്കെ വായിൽ ഒതുക്കുക, അനിവാര്യമല്ലാത്തതൊന്നും ചെയ്യാതിരിക്കുക. ആ വിശുദ്ധവഴിയിലൂടെ അദ്ദേഹം ആൾ തികയാത്ത തന്റെ മന്ത്രിസഭയെ അഞ്ചുകൊല്ലം ഉരുട്ടിക്കൊണ്ടുപോയി. അവിടേക്കെത്താൻ പിൻബലമായി വിജയ ഭാസ്‌കര
റെഡ്ഡി ഉണ്ടായിരുന്നു. ഗ്ലാമർ കുറഞ്ഞ റാവുവിനെ മത്സരിപ്പിക്കാൻ ആന്ധ്രയിലെ നന്ദ്യാൽ എന്ന മണ്ഡലം കണ്ടെത്തിയത് റെഡ്ഡി.  അവിടെ പ്രധാനമന്ത്രിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടണമെന്നു ശഠിച്ചതും റെഡ്ഡി.
വോട്ടെണ്ണിത്തുടങ്ങിയപ്പോൾ പേരറിയാത്ത എതിർസ്ഥാനാർഥിയെ ആരും അടയാളപ്പെടുത്തുന്നതു കണ്ടില്ല.  ഒടുവോടടുത്തപ്പോൾ ചില കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരായി. റാവു നേടിയ വോട്ടിനെക്കാൾ കുറഞ്ഞേക്കുമോ ആകെ രേഖപ്പെടുത്തിയ വോട്ട് എന്നായിരുന്നു വിജയ ഭാസ്‌കര സംഘത്തിന്റെ സംശയം, പേടി. പക്ഷേ പഴയ ആ അമേരിക്കൻ ചൊല്ലില്ലേ, ജയത്തോളം ജയിക്കുന്നതൊന്നുമില്ല.  റാവു ജയിച്ചു, പാട്ടു പാടാതെത്തന്നെ. അത്ഭുതകരമായ ഭൂരിപക്ഷം വിവാദവിഷയമായില്ല.
മണ്ഡലം മാറുമ്പോഴും സ്ഥിരപ്പെടുത്തുമ്പോഴും രാഹുൽ ഗാന്ധിക്ക് പഠിക്കാവുന്ന ഒരു പാഠം അതിൽ കാണും. മറ്റൊരു പാഠം എതിർസ്ഥാനാർഥികളെപ്പറ്റിയാണ്. പ്രധാനമന്ത്രിയോടേറ്റു തോറ്റ തലവേടന്മാരെ അധികമാരും ഓർക്കാറില്ല. ഇന്ദിരാ ഗാന്ധിയെ ഒരിക്കൽ തോൽപിച്ച രാജ് നാരായൺ കേട്ടുകേൾവിയായിരിക്കുന്നു.
ചിക്മംഗഌരിൽ മത്സരിക്കാൻ ചെന്നപ്പോൾ പശ്വാലംഭത്തിനൊരുക്കി നിർത്തിയ മൃഗത്തെപ്പോലെ വീരേന്ദ്ര പാട്ടീൽ അവിടെ മുട്ടുകുത്തി നിൽപുണ്ടായിരുന്നു. പിന്നെ രാഹുലിന്റെ അമ്മ ബംഗളൂരിൽ മത്സരിച്ചപ്പോൾ മത്സരത്തിനു പകിട്ടേകാൻ സുഷമാ സ്വരാജ് എത്തി. ആ ഓർമ്മത്തിരകളിലേറി, 'രാഹുലിനെ
തോൽപിക്കാനാരുണ്ടിവിടെ' എന്ന് അട്ടഹസിക്കുകയാണ് സ്തുതി പാടുന്ന കോൺഗ്രസ് കുട്ടന്മാർക്ക് കരണീയം.
എവിടെ നിന്നാലും ജയിക്കുമെന്ന് വെല്ലുവിളിക്കുകയാണ് രണ്ടു മണ്ഡലത്തിൽ മത്സരിക്കുന്നവർ.  അതൊരു ജാടയാണെന്നും നിന്നിടത്തു നിന്നാൽ കാലടിയിലെ രാഷ്ട്രീയഭൂമി കുത്തിയൊലിച്ചുപോകുമെന്നു പേടിയുണ്ടെന്നും ചിലർ വാദിച്ചേക്കും. തിരക്കുള്ള ആളല്ലേ, മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്താനാവില്ല,
അതുകൊണ്ട് വിജയം സംവരണം ചെയ്യാവുന്ന പുതിയൊരു മണ്ഡലം കൂടി കിടക്കട്ടെ എന്നൊരു മുൻകരുതൽ മാത്രം. അങ്ങനെ വെല്ലുവിളിയും മുൻ കരുതലുമായി അഞ്ചു മണ്ഡലങ്ങളിൽ മുന്നിട്ടിറങ്ങിയ ഒരു വീരസാഹസികൻ ഉണ്ടായിരുന്നു. കലിംഗദേശത്തെ കാരണവർ, ബിജു പട് നായക്.  വിമാനം പറത്തിയും വി ഐ പി യാത്രക്കാരനെ രക്ഷിച്ചും പാർട്ടികൾ മാറിയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാധ്യസ്ഥ്യം വഹിച്ചും വേഷം പലതും ആടിയ ബിജു അഞ്ചു മണ്ഡലത്തിൽ പയറ്റി നോക്കിയപ്പോൾ അഞ്ചിടത്തും തറ പറ്റി. ഇനി, അതിൽ ഒരു നിയമസഭാ മണ്ഡലത്തിലോ മറ്റോ നൂന്നു കടന്നുവോ ആവോ?
തോൽക്കാൻ വിഷമമായ മണ്ഡലങ്ങൾ ചിലർ ചിലപ്പോൾ കണ്ടെത്തും. തീ തുപ്പുന്ന വിപ്ലവകാരിയായും അടിയന്തരാവസ്ഥയിൽ ബോംബു കേസിൽ കുടുങ്ങിയ സാഹസികനായും പരിലസിച്ച  ജോർജ് ഫെർണണ്ടസിന്റെ മണ്ഡലം ഒരു കാലത്ത് മുസഫർപൂർ ആയിരുന്നു. അദ്ദേഹത്തിന്റെ സമസ്‌കന്ധനായിരുന്ന മധുലിമായെ മുംഗൈറിലും മോത്തി ഹാരിയിലും കളിച്ചു ജയിച്ചു. നമ്മുടെ പ്രിയപ്പെട്ട കേരളത്തിലെ ജനനേതാവായ രവീന്ദ്രവർമ്മക്ക് ജയിച്ചേ തീരൂ എന്നുള്ള ഒരു മണ്ഡലം കണ്ടെത്തണമെന്നു വന്നപ്പോൾ ജനത മാവേലിക്കരയിൽനിന്ന് റാഞ്ചിയിലേക്കു പോയി. ബൂത്തുകൾ ഒന്നടങ്കം കയ്യടക്കി വിജയം ഘോഷിക്കുന്ന ബിഹാറിലെ മണ്ഡലങ്ങളിൽ ജനാധിപത്യം
കൊണ്ടാടുകയായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പോ
പിന്നീടോ മണ്ഡലത്തിലേക്കു തിരിഞ്ഞു നോക്കണമെന്നു നിർബന്ധമില്ല. വേഷമാതൃക രാഹുലിനു മുന്നിൽ ഏറെ.
അന്യസംസ്ഥാനത്തുനിന്ന് മത്സരിക്കാൻ കേരളത്തിൽ വരുന്നവരും ഇല്ലായ്കയില്ല. പണ്ടുപണ്ട് ലീഗിന്റെ സുവർണകാലത്ത് മഞ്ചേരിയിൽ മത്സരിക്കാൻ ഇസ്മായിൽ സാഹിബ് എത്തിയിരുന്നു. പത്രിക കൊടുത്താൽ പിന്നെ അദ്ദേഹത്തിന്റെ പൊടി പോലും കാണുമായിരുന്നില്ലത്രേ. ബിഹാറിലെ ബൂത്ത് കയ്യേറ്റക്കഥകൾ അന്നൊക്കെ അറിയപ്പെടാത്ത പുരാണമായിരുന്നു. പിന്നെ മലപ്പുറത്തും മോതിഹാരിയിലും മറ്റും കാറ്റു മാറി.  പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കാതായി.

മണ്ഡലത്തിൽ പോകാതെ, ജയിലിൽ കിടന്നു ജയിച്ച ഒരാളും നമുക്ക് നേതാവായുണ്ട്. ആറ്റിങ്ങലും തിരുവനന്തപുരത്തും കണ്ടു കയ്യടിച്ച സഖാവ് കെ. അനിരുദ്ധൻ, ഉദ്ധതനായ ആർ. ശങ്കർ രാഷ്ട്രീയ യുദ്ധത്തിനിറങ്ങിയപ്പോൾ പിടിച്ചുകെട്ടാൻ നിയോഗിക്കപ്പെട്ട കാലാൾ ആയിരുന്നു അനിരുദ്ധൻ. ശങ്കർ തോറ്റു. പിന്നെ ആറ്റിങ്ങലിൽ അനിരുദ്ധന്റെ മകൻ എ. സമ്പത്ത് ജയിച്ചു. അങ്ങനെ മറ്റൊരു അശ്വമേധത്തിന് മാർക്‌സിസ്റ്റ് പാർട്ടി 1982 ൽ നേമത്ത് അഴിച്ചുവിട്ട കറുത്ത കുതിര ആയിരുന്നു ഫക്കീർ ഖാൻ, എതിരാളി നേമത്തു കൂടാതെ സ്വന്തം മാളയിലും മത്സരിച്ചിരുന്ന കെ. കരുണാകരൻ.
കരുണാകരൻ രണ്ടിടത്തും ജയിച്ചു. കാലം മാറി.  നേമം മുഖം വീർപ്പിച്ചു. കേരളത്തിലെ ഏറ്റവും സുരക്ഷിതമായ കോൺഗ്രസ് തട്ടകമായി എണ്ണിയിരുന്ന നേമം ചെങ്കൊടിയേന്തി. മാളയുടെ ഭാവവും ഏറെ പകർന്നു. ആർ എവിടെ തോറ്റുകൂടാ എന്ന പ്രസ്താവം പ്രചാരത്തിൽ വന്നു. രണ്ടു മണ്ഡലങ്ങളിൽ ചിലരെങ്കിലും മത്സരിക്കുന്നതിനു പ്രസക്തി ഉണ്ടായി. ആ മാറ്റമാണല്ലോ തെരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ, പ്രാണവാതം.  
 

Latest News