ന്യൂദല്‍ഹി- ഇന്ത്യ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന 687 പേജുകള്‍ നീക്കം ചെയ്‌തെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പാക്കിസ്ഥാനി സൈനിക ഉദ്യോഗസ്ഥരുമായി ബന്ധമുള്ള 103 അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നുമെന്ന ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. ഈ പേജുകളുടേയും അക്കൗണ്ടുകളുടേയും പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് നടപടി എന്നും ഇവയില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റിന്റെ അടിസ്ഥാനത്തിലല്ലെന്നും കമ്പനി വ്യക്തമാക്കി. ഒരു സംഘടിത നീക്കം ഈ പേജുകള്‍ക്ക് പിന്നില്‍ നടക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുന്ന പോസ്റ്റുകളും പ്രാദേശിക വാര്‍്ത്തകളുമാണ് ഈ അക്കൗണ്ടുകളുടെ ഉള്ളടക്കമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും ഫേസ്ബുക്ക് പറയുന്നു.
2014ല്‍ ബിജെപി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രചാരണം ദോഷം ചെയ്‌തെന്ന തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസും ഐടി വിഭാഗം ശക്തിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ പ്രചാരണം ശക്തമായതോടെ അപകടം മണത്ത ബിജെപി ഒളിഞ്ഞും തെളിഞ്ഞും ഇതിനെതിരെ നീക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 138 പേജുകളും 549 അക്കൗണ്ടുകളും ഫേസ്ബുക്ക് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.






