കൊല്ലം- കരുനാഗപ്പള്ളി ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി. യുവതിയുടെ ഭര്‍ത്താവ് ചന്തുലാല്‍, മാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊല്ലം റൂറല്‍ എസ്പി കെ.ജെ. സൈമണ്‍ പറഞ്ഞു. ചികില്‍സ നിഷേധിച്ചതിനും വിട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനുമെതിരേയാണ് നേരത്തെ കേസെടുത്തിരുന്നത്.
കഴിഞ്ഞ മാസം 21ന് രാത്രിയാണ് തുഷാര(27) ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചത്. മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമാണ്് കഴിക്കാന്‍ നല്‍കിരുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് യുവതി മരിച്ചതെന്ന് മനസിലായത്. വിവാഹ സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറ്റിയത്. ചെങ്കുളത്തും ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍നിന്ന് ഒറ്റപ്പെട്ടായിരുന്നു.
2013ലായിരുന്നു വിവാഹം. വിവാഹ സമയത്ത് 20 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപ സ്ത്രീധനമായി വാഗ്ദാനം ചെയ്തിരുന്നു. മൂന്നു മാസത്തിനു ശേഷം ചന്തുലാലിന്റെ കുടുംബം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.
ചന്തുലാല്‍ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെ തുഷാരയുടെ കുടുംബം നല്‍കാമെന്നേറ്റ രണ്ടു ലക്ഷം രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ചന്തുലാലും മാതാവും ചേര്‍ന്ന് തുഷാരയെ പീഡിപ്പിച്ചു തുടങ്ങിയതെന്ന് പറയുന്നു. സ്ത്രീധന പണത്തിന്റെ ബാക്കി നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീതാലാലും നിരന്തരം മര്‍ദിച്ചിരുന്നു. മകളെ കാണാന്‍ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.






