Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പപ്പു പ്രയോഗം തെറ്റ്; തിരുത്തുമെന്ന് ദേശാഭിമാനി

തിരുവനന്തപുരം- എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്നാക്ഷേപിച്ച് മുഖപ്രസംഗം എഴുതിയ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പത്രം രംഗത്ത്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം മനോജാണ് വിശദീകരണവുമായി രംഗത്തുവന്നത്. 
രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ലെന്നും മുഖപ്രസംഗത്തിൽ പപ്പുമോൻ എന്ന പരാമർശം വന്നത് അനുചിതമാണെന്നും പി.എം മനോജ് വ്യക്തമാക്കി. 
മനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
രാഹുൽഗാന്ധിയെ ബി.ജെ.പി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിന്റെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പുമോൻ എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി?  ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

അതേസമയം, സി.പി.എമ്മിന് ആരെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച പത്രത്തിന്റെ ചീഫ് എഡിറ്ററും കൊച്ചിയിലെ സി.പി.എം സ്ഥാനാർഥിയുമായ പി.എം മനോജ് മാപ്പുപറയണമെന്നും കോൺഗ്രസ് നേതാവ് വി.ടി ബൽറാം ആവശ്യപ്പെട്ടു.
 സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാമെന്നും ബൽറാം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫെയ്‌സ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.
എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണമെന്നും ബൽറാം ആവശ്യപ്പെട്ടു.
 

Latest News