കൽപ്പറ്റ- വയനാട് മണ്ഡലത്തിൽ ഈ മാസം നാലിന് എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കും. തലേദിവസം തന്നെ രാഹുൽ ഗാന്ധി കേരളത്തിലെത്തും. ആദിവാസി ഊരുകളിലൊന്നിൽ രാഹുൽ ഗാന്ധി തലേദിവസം ചെലവിടുമെന്നും ഇതിന്റെ സാധ്യത അന്വേഷിച്ചുവരികയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. രാഹുൽ ദരിദ്രരുടെ നേതാവ് എന്ന തരത്തിലുള്ള ക്യാംപയിനായിരിക്കും കോൺഗ്രസ് നടത്തുക. ഇതിന്റ കൂടി ഭാഗമായാണ് ആദിവാസി ഊരിൽ കഴിയാനുള്ള തീരുമാനം. ഒന്നോ രണ്ടോ ദിവസം മാത്രമായിരിക്കും രാഹുൽ ഗാന്ധി വയനാട്ടിൽ പ്രചാരണത്തിനായി എത്തുക. അതേസമയം, രാഹുലിന്റെ സാന്നിധ്യമില്ലെങ്കിലും അദ്ദേഹത്തിന് വൻ വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള കെ.സി വേണുഗോപാലാണ് പത്രിക സമർപ്പണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഡമ്മി സ്ഥാനാർഥിയായി ടി. സിദ്ദീഖായിരിക്കും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ളവരവ് ആഘോഷമാക്കാനാണ് സംസ്ഥാന കോൺഗ്രസ് തീരുമാനം. ഇതിന്റെ ക്രമീകരണങ്ങളും തുടങ്ങി.