ന്യൂദല്‍ഹി- നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി)യുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. സഖ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചെന്ന് എഎപി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ തിങ്കളാഴ്ച അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രാഹുലിനെ ഈയിടെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിനായി എഎപി കോണ്‍ഗ്രസിനെ സമീപിച്ചിട്ടില്ലെന്നായിരുന്നു ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ശീല ദീക്ഷിത് പറഞ്ഞിരുന്നത്. എന്നാല്‍ ദീക്ഷിത് അത്ര പ്രധാനപ്പെട്ട നേതാവല്ലെന്നും തങ്ങള്‍ കണ്ടത് രാഹുലിനെയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. ബിജെപിയുടെ പാരജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് എഎപി ശ്രമം നടത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ഈ സഖ്യത്തോട് അനകൂല നിലപാട് സ്വീകരിച്ചപ്പോല്‍ ശീല ദീക്ഷിതും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും കടുത്ത വിയോജിപ്പുമായി രംഗത്തെത്തുകയായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സഖ്യം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
ഈ സഖ്യമുണ്ടാക്കിയാല്‍ 2020-ല്‍ ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങിനെ എഎപിയെ നേരിടും എന്നായിരുന്നു ഇവരുടെ ചോദ്യം. മാത്രവുമല്ല ലോക്‌സഭയില്‍ രണ്ടോ മൂന്നോ സീറ്റു മാത്രമാണ് എഎപി കോണ്‍ഗ്രസിനു നല്‍കുക എന്നതിനാല്‍ ഈ സഖ്യം കൊണ്ട് വലിയ രാഷ്ട്രീയ നേട്ടവും ലഭിക്കാന്‍ പോകുന്നില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. 2014ലെ ലോകസ്ഭാ തെരഞ്ഞെടപ്പില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റു പോലും ലഭിച്ചിരുന്നില്ല. ഏഴു സീറ്റും ബിജെപിയാണ് തൂത്തുവാരിയത്.
കോണ്‍ഗ്രസിനും എഎപിക്കും ലഭിച്ച വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ വളരെ കൂടുതലാണെന്നതാണ് സഖ്യ ചര്‍ച്ചകളുടെ അടിസ്ഥാനം. ഇരുപാര്‍ട്ടികളും കൈകോര്‍ത്താല്‍ ബിജെപിയെ പൂര്‍ണമായും പരാജയപ്പെടുത്താമെന്നായിരുന്നു കണക്കു കൂട്ടല്‍.






