ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൗദി വിദ്യാര്‍ഥി നാട്ടിലെത്തി

ന്യൂസിലാന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൗദി വിദ്യാര്‍ഥി അസീല്‍ അല്‍അന്‍സാരിയെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

ജിദ്ദ - ന്യൂസിലാന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൗദി വിദ്യാര്‍ഥി അസീല്‍ അല്‍അന്‍സാരിക്ക് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ടുകള്‍ നല്‍കി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ സ്വീകരിച്ചു. ഓസ്‌ട്രേലിയന്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ അസീല്‍ അല്‍അന്‍സാരിയുടെ കാല്‍ മുട്ടിന് വെടിയേറ്റിരുന്നു. വെടിയുണ്ട പുറത്തെടുക്കുന്നതിന് വിദ്യാര്‍ഥിക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് അസീല്‍ അല്‍അന്‍സാരി സ്വദേശത്തേക്ക് മടങ്ങിയത്. ഒരാഴ്ച ജിദ്ദയില്‍ ആശുപത്രിയില്‍ കഴിയുമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തെ കുറിച്ച് ന്യൂസിലാന്റ് സുരക്ഷാവകുപ്പുകള്‍ തന്റെ മൊഴിയെടുത്തതായും അസീല്‍ അല്‍അന്‍സാരി പറഞ്ഞു. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൗദി പൗരന്റെ മൃതദേഹം ദിവസങ്ങള്‍ക്കു മുമ്പ് മദീനയിലെത്തിച്ച് മസ്ജിദുന്നബവിയില്‍ മയ്യിത്ത് നമസ്‌കരിച്ചതിന് ശേഷം ജന്നത്തുല്‍ബഖീഅ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തിരുന്നു.

 

 

 

Latest News