കൽപറ്റ- എ.ഐ.സി.സി അധ്യക്ഷൻ രാഹുൽഗാന്ധി അമേത്തിക്കു പുറമേ വയനാട്ടിലും ജനവിധി തേടുന്നതു അതിർത്തി മണ്ഡലങ്ങളിലും ആവേശത്തിനു കാരണമായി. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിരിടുന്ന ജില്ലയാണ് വയനാട്.
ബാഗൽകോട്ട്, ബാംഗ്ലൂർ സെൻട്രൽ, ബംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സൗത്ത്, ബെൽഗാം, ബെല്ലാരി, ബിദാർ, ബിജാപൂർ, ചാമരാജ്‌നഗർ, ചിക്‌ബെല്ലാപൂർ, ചിക്കോടി, ചിത്രദുർഗ, ദക്ഷിണ കന്നഡ, ദാവൺഗെരെ, ധാർവാർഡ്, ഗുൽബർഗ, ഹാസൻ, ഹാവേരി, കോലാർ, കോപ്പൽ, മാണ്ഡ്യ, മൈസൂർ, റെയ്ച്ചൂർ, ഷിമോഗ, തുംകൂർ, ഉഡുപ്പി ചിക്മാംഗ്ലൂർ, ഉത്തര കന്നഡ എന്നിങ്ങനെ 28 പാർലമെന്റ് മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. ഇതിൽ മൈസൂർ, ചാമരാജ്‌നഗർ, മാണ്ഡ്യ മണ്ഡലങ്ങളാണ് വയനാടിനോടു ചേർന്നുള്ളത്.
എച്ച്.ഡി കോട്ട, നഞ്ചൻഗോഡ്, വരുണ, ടി.നരസിപൂർ, ഹനൂർ, കൊല്ലേഗൽ, ചാമരാജ്‌നഗർ, ഗുണ്ടൽപേട്ട നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണ് ചാമരാജ് നഗർ പാർലമെന്റ് മണ്ഡലം. മടിക്കേരി, വീരാജ്‌പേട്ട, പെരിയപട്ടണം, ഹുൻസൂർ, ചാമുണ്ഡേശ്വരി, കൃഷ്ണരാജ, ചാമരാജ, നരസിംഹഗാജ നിയമസഭാ മണ്ഡലങ്ങളാണ് മൈസൂർ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മലാവലി, മദ്ദൂർ, മേലുകോട്ടെ, മാണ്ഡ്യ, ശ്രീരംഗപട്ടണം, നാഗമംഗള, കൃഷ്ണനഗരം എന്നീ നിയമസഭാമണ്ഡലങ്ങൾ മാണ്ഡ്യ മണ്ഡലത്തിന്റെ ഭാഗമാണ്.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിൽ നീലഗിരിയുമായാണ് വയനാടിനു സാമീപ്യം. മേട്ടുപാളയം, അവിനാശി, ഭവാനിസാഗർ, കുന്നൂർ, ഊട്ടി, ഗൂഡല്ലൂർ എന്നിവയാണ് നീലഗിരി ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ.
സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫും കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫും കേരളത്തിൽ പോരടിക്കുമ്പോൾ തമിഴ്‌നാട്ടിൽ വ്യത്യസ്തമാണ് രാഷ്ട്രീയ കൂട്ടുകെട്ട്. തമിഴ്‌നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും മുസ്‌ലിംലീഗും. കർണാടകയിൽ കോൺഗ്രസ്-ജനതാദൾ(എസ്) സഖ്യമാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നത്. കർണാടകയിൽ ബി.ജെ.പിക്കു പതിനഞ്ചും കോൺഗ്രസിനു പത്തും ജനതാദൾ സെക്യുലറിനു രണ്ടും സിറ്റിംഗ് എം.പിമാരുണ്ട്.






