കോട്ടയം- തെക്കേ ഇന്ത്യയിൽ വേരുറപ്പിക്കുന്നതിനായി ആറുമാസം മുമ്പ് കോൺഗ്രസ് തത്വത്തിൽ തീരുമാനിച്ചതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം. കോൺഗ്രസ് നേതൃത്വത്തിലുളള വിശാല മതേതര സഖ്യമെന്ന സ്വപ്നത്തിൽ വിളളൽ വീണതോടെ ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാതെ തരമില്ലെന്ന അവസ്ഥയിലായി കോൺഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്ന കാഴ്ചപ്പാടാണ് സി.പി.എം കേരള ഘടകം നേതാക്കൾക്ക് ഉണ്ടായിരുന്നത്.
കഴിയുന്നത്ര സീറ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നു നേടുന്നതിനായിരുന്നു അത്. അതിനുശേഷം പൊതുമിനിമം പരിപാടിയിൽ സഹകരിക്കുക. ഇത് ഫലത്തിൽ കോൺഗ്രസിനെ ദുർബലമാക്കും. ബംഗാളിൽ കോൺഗ്രസ്-സി.പി.എം സഖ്യം യാഥാർഥ്യമായതുമില്ല. യുപിയിൽ എസ്.പി - ബി.എസ്.പി സഖ്യത്തിലായി. കോൺഗ്രസിനെ അവിടെയും ഒറ്റക്കാക്കി. തമിഴ്നാട്ടിൽ ഡി.എം.കെയുമായും കർണാടകത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത ജെ.ഡി-എസ് സഖ്യവും ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുകയാണ്. തെലങ്കാനയിലും ആന്ധ്രയിലും വൈ.എസ്.ആർ കോൺഗ്രസും ടി.ആർ.സും നയിക്കുന്ന മുന്നണികളാണ് പ്രബലം. അവിടെയും കോൺഗ്രസിന് പ്രതീക്ഷയില്ല.
കേരളത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ സി.പി.എം നേതാക്കളും സഖ്യകക്ഷികളും എതിർത്തത് കോൺഗ്രസിന് അത് വലിയ നേട്ടമാകുമോ എന്ന ആശങ്കയിലായിരുന്നു. കേരളത്തിൽ മത്സരിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് കേരള നേതാക്കൾ പലതവണ വ്യക്തമാക്കിയത് ഇതേ കാരണത്താലാണ്. രണ്ടാഴ്ചയായി വയനാട് സ്ഥാനാർഥിത്വത്തെക്കുറിച്ചുളള ചർച്ചകളിലാണ് കേരളം. തെക്കേ ഇന്ത്യയിൽ പല മണ്ഡലങ്ങളും കോൺഗ്രസ് രാഹുലിനായി കണ്ടെത്തിയെങ്കിലും ഏറ്റവും സുരക്ഷിതം വയനാടാണെന്ന് മനസിലായി. ഈ സന്ദേശം കേരള നേതാക്കൾക്ക് ലഭിച്ചിരുന്നു. സംസ്ഥാന ഘടകം വയനാട് ഒഴിച്ചുളള സ്ഥാനാർഥികളെയാണ് നൽകിയത്. ഹൈക്കമാന്റ് നിർദേശ പ്രകാരമായിരുന്നു അത്. പക്ഷേ ചർച്ചകൾക്കിടെ വയനാട്ടിൽ മാത്രം സ്ഥാനാർഥിയെ ഒഴിച്ചിടുന്നത് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഇതോടെയാണ് ടി. സിദ്ദിഖിന്റെ പേര് വന്നത്. ഇതാകട്ടെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചതുമില്ല. ഷാനവാസ് മരിച്ചതിനെ തുടർന്ന് വയനാട്ടിൽ അദ്ദേഹത്തിന്റെ മകളെ മത്സരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. പക്ഷേ അത് പിന്നീട് മാറി. സീറ്റിൽ ഹൈക്കമാന്റ് ലക്ഷ്യമിട്ടുവെന്ന് മനസിലാക്കിയതോടെയാണ് ഇത്.കേരളത്തിലെ ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലായി സി.പി.എമ്മിന് നേട്ടം സമ്മാനിച്ചതെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ശബരിമല വിഷയം വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് കരുതിയിരുന്നത്. കേരളത്തിൽ ബി.ജെ.പി-സി.പി.എം പോരാട്ടം എന്ന പ്രതീതി ജനിപ്പിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ശബരിമലയിലൂടെ ഒന്നോ രണ്ടോ സീറ്റ് ബി.ജെ.പി നേടിയാലും കുഴപ്പമില്ല അത് മലബാറിൽ മുന്നണിക്ക് ഗുണമാകുമെന്ന നിലപാടിലായിരുന്നു അവർ. രാഹുലിനെ കേരളത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ ശരത് യാദവും ശരത്പവാറും കടന്നുവന്നതും കോൺഗ്രസ് കൗതുകത്തോടെയാണ് വീക്ഷിച്ചത്. പ്രതിപക്ഷ കക്ഷികൾ ഇതിനെ എതിർത്തതോടെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നീട്ടുകയായിരുന്നു. ഇതോടെ കേരളത്തിലെ നേതാക്കൾക്കും ക്ഷമ നശിച്ചു. രാഹുൽ സ്ഥാനാർഥിയാകുമെന്ന് താൻ സൂചന നൽകിയില്ലെന്ന് വരെ അവസാനം ഉമ്മൻചാണ്ടിക്ക് പരസ്യമായി പറയേണ്ടിവന്നു.
രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ മലബാറിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മതന്യൂനപക്ഷ വിഭാഗവും ബി.ജെ.പിയിലേക്ക് ഇടക്ക് അൽപം ചോർന്ന ഹിന്ദു മേൽത്തട്ട് വോട്ടുകളും വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.






