പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം ആറു മാസത്തേക്ക് നീട്ടി

ന്യൂദല്‍ഹി- പാന്‍ കാര്‍ഡ് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി ആറു മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. സെപ്റ്റംബര്‍ 30 ആണ് പുതിയ തീയതി. വ്യക്തികള്‍ക്ക് തങ്ങളുടെ ആദായ നികുതി സ്ഥിരം നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇത് ആറാം തവണയാണ് നീട്ടുന്നത്. മാര്‍ച്ച് 31-നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജൂണ്‍ അവസാനം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
മറ്റൊരു ഉത്തരവുണ്ടാകുന്നില്ലെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2019 സെപ്റ്റംബര്‍ 30 ആയിരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സി.ബി.ഡി.ടി) പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയം, ഏപ്രില്‍ ഒന്നുമുതല്‍ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 31 നകം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പറുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നതെന്ന് സിബിഡിടി അറിയിച്ചു.

 

Latest News