അന്ന് മന്‍മോഹന്‍ സിംഗിന് കരിങ്കൊടി കാണിച്ചു; ഇപ്പോള്‍ രാഹുലിന് പ്രസംഗം എഴുതുന്നു

ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) തീപ്പൊരി നേതാവായിരുന്ന സന്ദീപ് സിംഗ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പമാണ്. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിലും രാഷ്ട്രീയ പ്രസംഗങ്ങള്‍ തയാറാക്കുന്നതിലും സന്ദീപ് സിംഗ് പ്രധാന പങ്കുവഹിക്കുന്നു.

2005 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന് കരിങ്കൊടി കാണിച്ച സന്ദീപിന്റെ മാറ്റം അവിശ്വസനീയമാണ്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഉപദേഷ്ടാവായി പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും 2017 മുതല്‍ സന്ദീപ് സിംഗ് രാഹുലിനോടൊപ്പമുണ്ട്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചപ്പോഴും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
 
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ സന്ദീപ് സിംഗ് അലഹബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷമാണ് ജെ.എന്‍.യുവില്‍ ചേര്‍ന്നത്. ഇടതു തീവ്രസംഘടനയായ സി.പി.ഐ.എം.എല്ലിന്റെ വിദ്യാര്‍ഥി വിഭാഗമായ ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) പ്രവര്‍ത്തകനായാണ് സന്ദീപ് സിംഗ് ജെ.എന്‍.യുവില്‍ സാന്നിധ്യമറിയിച്ചത്.

2005 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജെ.എന്‍.യു സന്ദര്‍ശിച്ചപ്പോഴാണ് ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു സംഘം വിദ്യാര്‍ഥികളോടൊപ്പം കരിങ്കൊടി വീശിയത്. ജെ.എന്‍.യു വിട്ടതോടൊപ്പം ഇടതു രാഷ്ട്രീയത്തോടും വിട പറഞ്ഞ സന്ദീപ് സിംഗ് പിന്നീട് ലോക്പാലിനുവേണ്ടി അണ്ണാ ഹസാരെയും അരവിന്ദ് കെജ്്‌രിവാളും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. മന്‍മോഹന്‍ സിംഗിനെതിരെ കരിങ്കൊടി കാണിച്ച പഴയ സംഭവത്തില്‍ ക്ഷമ ചോദിച്ചു കൊണ്ടാണ് സന്ദീപ് സിംഗ് കോണ്‍ഗ്രസില്‍ പ്രവേശിച്ചത്.

സന്ദീപ് സിംഗിനെ പോലെ, ഇടതുരാഷ്ട്രീയത്തില്‍നിന്ന് ധാരാളം യുവാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോര്‍പറേറ്റ് വിരുദ്ധവും പാവങ്ങള്‍ക്ക് അനുകൂലവുമായ നയങ്ങള്‍ രൂപീകരിക്കുന്നതിലും പ്രസംഗങ്ങള്‍ തയാറാക്കുന്നതിലും സന്ദീപ് സിംഗ് രാഹുലിനേയും പ്രിയങ്കയേയും സഹായിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

Latest News