Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

പുല്‍വാമ: മോഡിയോട് ആരും കണക്ക് ചോദിക്കുന്നില്ല- ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍- പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊണ്ട് ഉത്തരം പറയിപ്പിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല. ബി.ജെ.പി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പരാജയങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പുല്‍വാമ കാരണമാണ് ബാലാക്കോട്ട് സംഭവിച്ചതെന്നു പറയുന്നു. എന്നാല്‍ പുല്‍വാമ എന്തുകൊണ്ട് സംഭവിച്ചുവെന്ന് ആരും ചോദിക്കുന്നില്ല.
പുല്‍വാമ-ബാലക്കോട്ടിനുശേഷം തെരഞ്ഞെടുപ്പ് കൂടുതല്‍ കടുത്തതാക്കിയിട്ടുണ്ടെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. പ്രതിപക്ഷം അജണ്ട തീരുമാനിച്ച് പ്രധാനമന്ത്രി മോഡിയെ കൊണ്ട് മറുപടി പറയിക്കുന്നതിനു പകരം നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് ലോക്‌സഭയിലും രാജ്യസഭയിലും ഉറപ്പു നല്‍കിയിരുന്നതാണ്. ബാലകോട്ടിനുശേഷം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും ഇക്കാര്യം ഉറപ്പുനല്‍കി. അവസാനം ആവശ്യമായ സുരക്ഷയില്ലെന്ന കാരണം പറഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. രാജ്ഭവനിലൂടെ ഭരണം നടത്തുന്നതാണ് നല്ലതെന്ന് അധികാരത്തിലുള്ള ബി.ജെ.പി കണക്കുകൂട്ടി. ഗവര്‍ണര്‍ ഭരണത്തില്‍ അവരുടെ അജണ്ട മുഴുവന്‍ നടപ്പാക്കാന്‍ സാധിച്ചു. തെരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമല്ലെന്ന് പറഞ്ഞിട്ടും 1996 ലും 2002 ലും വോട്ടെടുപ്പ് നടത്തിയിട്ടുണ്ട്. 2014 നുശേഷം സ്ഥിതിഗതികള്‍ വഷളായതിന്റെ ഉത്തരവാദിത്തം ബി.ജെ.പി-പി.ഡി.പി കൂട്ടുകെട്ടിനായിരുന്നു. അതിന്റെ ഫലം എല്ലാവരും അനുഭവിക്കന്നുവെന്ന് മാത്രം.
പുല്‍വാമ സംഭവത്തിനുശേഷം താഴ് വരക്കു പുറത്ത് കശ്മീരികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍നിന്ന് നമ്മള്‍ പഠിക്കണമെന്ന് ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിനുശേഷമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉമര്‍ അബ്ദുല്ല പറഞ്ഞു.

 

Latest News