ചെറുകഥാകൃത്ത് അഷ്‌റഫ് ആഡൂർ അന്തരിച്ചു

കണ്ണൂർ- ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്‌റഫ് ആഡൂർ അന്തരിച്ചു.ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. 
ആഡൂർ പാലം ബസ്സ്‌റ്റോപ്പിനടുത്ത് സൃഹൃദ്‌സംഘം പണിതുനൽകിയ വീട്ടിലായിരുന്നു അഷ്‌റഫ് കഴിഞ്ഞിരുന്നത്. സൈകതം ബുക്‌സ് പുനഃപ്രസിദ്ധീകരിച്ച അഷ്‌റഫ് ആഡൂരിന്റെ തെരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയും മറ്റുമായിരുന്നു അഷ്‌റഫിന്റെ ചികിത്സാ ചിലവിനുള്ള പണം സൗഹൃദസംഘം കൂട്ടായ്മ കണ്ടെത്തിയത്.

മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികൾ, പെരുമഴയിലൂടൊരാൾ, മരിച്ചവന്റെ വേരുകൾ തുടങ്ങിയവയാണ് അഷ്‌റഫ് ആഡൂരിന്റെ പ്രധാന കഥാ സമാഹാരങ്ങൾ.ബോംബെ ജ്വാല അവാർഡ്, അങ്കണം ടിവി കൊച്ചുബാവ അവാർഡ്, പാഠ സുവർണ മുദ്ര പുരസ്‌കാരം, എ.കെ.ജി സ്മാരക പുരസ്‌കാരം തുടങ്ങി 30 ലേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ ആഡൂരിൽ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സി.എം ഹാജിറ, മക്കൾ: ആദിൽ, അദ്‌നാൻ.

Latest News