ന്യൂദല്‍ഹി- ഒടുവില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നു. രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം പറഞ്ഞ നേതാക്കള്‍ തന്നെ അവസാനം പ്രതീക്ഷ കൈവിടുന്ന ഘട്ടത്തിലാണ് ദല്‍ഹിയില്‍ നിന്നുള്ള പ്രഖ്യാപനമെത്തിയത്. അനിശ്ചിതത്വം നിലനിന്നതും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അതൃപ്തി പുകഞ്ഞതും കാരണം വയനാട്ടില്‍ യുഡിഎഫിന്റെ പ്രചാരണം വരെ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെ കരുത്തരായ സഖ്യ കക്ഷി മുസ്ലിം ലീഗ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ വയനാട്ടിലെ യുഡിഎഫ് വോട്ടിന്റെ വലിയ പങ്ക് സ്വന്തമായുള്ള ലീഗിന് അണികളുടെ മുറവിളികളെ തുടര്‍ന്നാണ് നിലപാട് കടുപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം അടിയന്തര നേതൃയോഗം ചേര്‍ന്ന് കോണ്‍ഗ്രസ് വയനാട്ടില്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിനെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ട് അറിയിക്കുകയും ചെയ്തു.
രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ് തടയാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് ഒരു പാര്‍ട്ടി നീക്കങ്ങള്‍ നടത്തിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യമായി പറഞ്ഞതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ മൂകത പടര്‍ന്നിരുന്നു. ഇതോടെയാണ് ഉറച്ച സ്വരത്തിലുള്ള ലീഗ് ഇടപെടലുണ്ടായത്. ഇതിനിടെ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരില്ലാതെ നിരവധി സ്ഥാനാര്‍ത്ഥി പട്ടികകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചതും തിരിച്ചടിയായി. വൈകിത്തുടങ്ങിയ യുഡിഎഫിന്റെ പ്രചാരണം ട്രാക്കിലായി വരുന്നതിനിടെ രാഹുലിന്റെ പേരിനെ ചൊല്ലിയുള്ള അനിശ്ചിതത്വം മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന ചിന്തയാണ് ലീഗിനെ ഇടപെടാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ വയനാട്ടിലെത്തിയാല്‍ കേരളത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന തരംഗം തങ്ങള്‍ ഭീഷണി നേരിടുന്ന പൊന്നാനി മണ്ഡലത്തിലും വലിയ ഗുണം ചെയ്യുമെന്ന് ലീഗ് കണക്കു കൂട്ടുന്നു. മറ്റു മണ്ഡലങ്ങളില്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് ലിഗ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ അറിയിച്ചതും.
ലീഗിന്റെ ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുത്തുവെന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ എ.കെ ആന്റണിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് അണികളുടേയം സഖ്യ കക്ഷികളുടേയും ശക്തമായ ആവശ്യം രാഹുല്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്.
വയനാട് ജില്ലയ്ക്കു പുറമെ വയനാട് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളില്‍ ലിഗിന് വലിയ വോട്ടു ബാങ്കുണ്ട്. സ്ഥാനാര്‍ത്ഥി വൈകുന്നതിലുള്ള അതൃപ്തി ലീഗീന്റെ പ്രാദേശിക നേതൃത്വങ്ങളും വയനാട് ജില്ലാ നേതൃത്വവും അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലീഗ് അടിന്തര യോഗം ചേര്‍ന്നത്.