ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അറിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ സന്നദ്ധനായതെന്നും ആന്റണി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ തന്റെ സ്വന്തം തട്ടകമായ അമേഠിയ്ക്കു പുറമെയാണ് വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നത്. ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഇതോടെ അവസാനമായി.
രാഹുലിന്റെ വരവോടെ വയനാട് സമീപകാലത്തു തന്നെ ഒരു ഉപതെരഞ്ഞെടുപ്പിനു കൂടി വേദിയായേക്കും. അമേഠിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ വയനാട് ഉപേക്ഷിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളായ രണ്ടിടത്തും ജയസാധ്യതയുണ്ട്. തന്റെ കര്‍മഭൂമി അമേഠിയാണെന്ന് രാഹുല്‍ നേരത്തെ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്.