പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിക്ക് ലഭിച്ച സമ്മാനം-എ.എസ്. ദുലാത്

ഹൈദരാബാദ്- കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിനുനേരയുണ്ടായ ഭീകരാക്രമണം തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിക്ക് ലഭിച്ച സമ്മാനമാണെന്ന് റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) മുന്‍ മേധാവി എ.എസ്. ദുലാത് അഭിപ്രായപ്പെട്ടു.
ഹൈദരാബാദില്‍ ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഏഷന്‍ അറബ് അവാര്‍ഡ്‌സ് വിതരണ ചടങ്ങിനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
ഭീകരാക്രണം ബി.ജെ.പിക്ക് ലഭിച്ച സമ്മാനമാണെന്നും പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ജെയ്‌ശെ മുഹമ്മദ് പ്രധാനമന്ത്രി മോഡിക്ക് നല്‍കിയ സമ്മാനമായിരുന്നു പുല്‍വാമ ഭീകരാക്രമണം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രത്യക്രാമണം പ്രതീക്ഷിച്ചതായിരുന്നു. എന്തെങ്കിലും സംഭവിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പാക്കിസ്ഥാനകത്ത് നടത്തിയ സര്‍ജിക്കല്‍ ആക്രമണം തീര്‍ത്തും ശരിയാണ്- എ.എസ്. ദുലാത് പറഞ്ഞു.
ദേശീയതയെ വിശാലമായ കാഴ്ചപ്പാടിലൂടെ കാണണമെന്നും കശ്മിരികളുമായി സംഭാഷണം നടത്തിയാണ് മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായി സമാധാന ഉടമ്പടിയിലെത്തുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഏറെ മുന്നോട്ടു പോയിരുന്നുവെന്നും ദുലാത് പറഞ്ഞു.

 

Latest News