Sorry, you need to enable JavaScript to visit this website.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം പാരയാകുമോ? പിഎസ്എല്‍വി വിക്ഷേപണത്തിന് ഭീഷണിയായി അവശിഷ്ടങ്ങള്‍

ന്യൂദല്‍ഹി- ഈയിടെ ഇന്ത്യ പരീക്ഷിച്ചു വിജയിച്ച ഉപഗ്രഹ വേധ മിസൈല്‍ (എ-സാറ്റ്) ബഹിരാകാശത്ത് തകര്‍ത്തിട്ട ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തിനു തന്നെ പാരയാകുമോ എന്ന് ആശങ്ക. തിങ്കളാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നും ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരിക്കുന്ന പിഎസ്എല്‍വിയുടെ സഞ്ചാര പാതയില്‍ ഈ അവശിഷ്ടങ്ങള്‍ തടസമാകുമോ എന്നാണു ഭീഷണി. ബഹിരാകാശത്തു വച്ച് ഒരു കൂട്ടിയിടിക്കു ഇതു കാരണമായേക്കാം. നാലു ദിവസം മുമ്പാണ് ഡിഫന്‍സ് റിസര്‍ച്ച്് ആന്റ് ഡെവലപമെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) നിര്‍മ്മിച്ച ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ 700 കിലോ ഗ്രാം ഭാരമുള്ള മൈക്രോസാറ്റ്-ആര്‍ എന്ന ഉപഗ്രഹം ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ മുകളില്‍ വച്ച് തകര്‍ത്തു തരിപ്പണമാക്കിയത്. ഭ്രമണപഥ മേഖലയില്‍ ചിതറിക്കിടക്കുന്ന മൂന്നോറോളം കഷണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ഇതിന്റെ അവശിഷ്ടങ്ങള്‍ നാളെ വിക്ഷേപിക്കുന്ന പിഎസ്എല്‍വിയുമായി കൂട്ടിയിടിക്കുമോ എന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. ഡിആര്‍ഡിഒയുടെ തന്നെ മറ്റൊരു ഉപഗ്രഹമായ എമിസാറ്റ് ഭ്രമണപഥത്തിലെത്തിക്കാനാണ് ഈ പിഎസ്എല്‍വി വിക്ഷേപണം. 

ഒരു കൂട്ടിയിടി ഒഴിവാക്കാന്‍ ഐഎസ്ആര്‍ഓക്ക് വ്യക്തമായ പദ്ധതിയുണ്ടോ എന്നു വ്യക്തമല്ല. ഇന്ത്യ സ്വയം ചിതറിയ ഈ അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളമുണ്ട് എന്ന ചോദ്യത്തിനും ഉത്തരമില്ല. ഫലത്തില്‍ ഡിആര്‍ഡിഓ നടത്തിയ പരീക്ഷണം ഇ്‌പ്പോള്‍ ഡിആര്‍ഡിഒ ഉപഗഹ്രഹത്തിനു തന്നെ ഭീഷണിയായ സ്ഥിതിയാണ്. ഭൂമിക്കു 300 കിലോമീറ്റര്‍ മുകളില്‍ വച്ച് കൂട്ടിയിടി ഉണ്ടായാല്‍ അതുമൂലം വീണ്ടു ഉണ്ടാകുന്ന ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയിലെ വിക്ഷേപണങ്ങള്‍ക്കും വലിയ ഭീഷണിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഓരോ ഉപഗ്രഹ വിക്ഷേപണവും ബാക്കിയാക്കുന്ന ലക്ഷക്കണക്കിന് അവശിഷ്ടങ്ങളാണ് ഇങ്ങനെ ബഹിരാകാശത്തുള്ളത്. ഒരു വിക്ഷേപണം മാത്രം 150ഓളം അവശിഷ്ടങ്ങള്‍ ചിതറാന്‍ കാരണമാകുന്നു. ബഹിരാകാശത്തേക്ക് പ്രവേശിച്ചാല്‍ ഒരു വസ്തുവും തിരിച്ചുവരില്ല എന്നതിനാല്‍ ഈ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് തന്നെ വേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. പുതിയ വിക്ഷേപണങ്ങളുമായി ഇവ കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ട്. അതു കൊണ്ടാണ് രാജ്യാന്തര തലത്തില്‍ സാധ്യമായത്ര ബഹിരാകാശ മാലിന്യം കുറക്കാന്‍ ഒരു ഉടമ്പടി നിലവിലുള്ളത്. ഇന്ത്യയും ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്- മുന്‍ ഡിആര്‍ഡിഎ ചെയര്‍മാന്‍ വി കെ സരസ്വത് പറയുന്നു.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ നേരത്തെ ബഹിരാകാശ മാലിന്യ ഭീഷണിയെ തുടര്‍ന്ന് ഐഎസ്ആര്‍ഒക്ക് പലതവണ സമയം മാറ്റേണ്ടി വന്നിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര പാത സുരക്ഷിതമെന്ന് ഉറപ്പു വരുത്താനാണിത്. ഈ മാലിന്യങ്ങള്‍ നിരീക്ഷിക്കാന്‍ ഐഎസ്ആര്‍ഒ ഈയിടെ പുതിയൊരു റഡാര്‍ കൂടി സ്ഥാപിച്ചിരുന്നു.

Latest News