Sorry, you need to enable JavaScript to visit this website.

പൈലറ്റുമാര്‍ക്ക് ഡിസംബര്‍ മാസത്തെ ശമ്പളം നല്‍കുന്നു; ജെറ്റ് എയര്‍വേസ് സമരം ഒഴിവായേക്കും

മുംബൈ- ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ നാളെ മുതല്‍ ആംരഭിക്കുമെന്ന് പ്രഖ്യാപിച്ച സമരം ഒഴിവാക്കുന്നതിന് ശ്രമം ഊര്‍ജിതം. ഡിസംബര്‍ മാസത്തെ ശമ്പളം നല്‍കുമെന്നും ബാക്കി കുടിശ്ശിക കഴിയുംവേഗം തീര്‍ക്കുമെന്നും ജെറ്റ് എയര്‍വേസ് സി.ഇ.ഒ വിനയ് ദുബെ പൈലറ്റുമാരുടെ സംഘടനയെ അറിയിച്ചു.
നാല് മാസത്തെ ശമ്പള കുടിശ്ശിക മാര്‍ച്ച് 29-നകം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടു പോകുമെന്ന് പൈലറ്റുമാരുടെ യൂനിയനായ എന്‍.എ.ജി നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ അടിയന്തര ശ്രമം നടത്തുകയാണെന്നും ഫണ്ട് ലഭിക്കുന്നതോടെ അവശേഷിക്കുന്ന ശമ്പള കുടിശ്ശിക തീര്‍ക്കുമെന്നും ദുബെ പറഞ്ഞു. വായ്പാദാതാക്കളില്‍നിന്ന് 1500 കോടി രൂപയുടെ ഇടക്കാല വായ്പയാണ് വിമാനക്കമ്പനി പ്രതീക്ഷിക്കുന്നത്.
ഫണ്ട് ലഭിക്കുകയെന്നത് സങ്കീര്‍ണ പ്രക്രിയയാണെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നതിനാലാണ് 2018 ഡിസംബര്‍ മാസത്തെ ശമ്പളം നല്‍കുന്നതെന്നും സി.ഇ.ഒ വിശദീകരിച്ചു.

ദല്‍ഹിയിലും മുംബൈയിലും പൈലറ്റുമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ചര്‍ച്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവയേറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു. പൈലറ്റുമാര്‍ക്ക് പുറമെ, എന്‍ജീനിയര്‍മാര്‍ക്കും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും നാല് മാസമായി ശമ്പളം കിട്ടിയിട്ടില്ല.

 

Latest News