മാധ്യമങ്ങള്‍ക്ക് ഐ.എസ് പ്രതീകം; മൂന്ന് മക്കളും മരിച്ച ശമീമ ഭ്രാന്തിയെ പോലെ

ലണ്ടന്‍- മൂന്നും മക്കളും നഷ്ടപ്പെട്ട ബ്രിട്ടീഷ് വനിത ശമീമ ബീഗം മാനസികമായി പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും ഭ്രാന്തിയെ പോലെയാണ് അവര്‍ കഴിയുന്നതെന്നും  ഭര്‍ത്താവ് യാഗോ റീജിക് പറഞ്ഞു. വടക്കന്‍ സിറിയയില്‍ കുര്‍ദ് നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിയുന്ന 27 കാരനായ ഐ.എസ് പോരാളി യാഗോ റീജിക് ദ ടൈംസ് ദിനപത്രത്തോടാണ് ഇക്കാര്യം പറഞ്ഞത്. നാല് വര്‍ഷം മുമ്പാണ് കിഴക്കന്‍ ലണ്ടനിലെ ബെത്‌നാല്‍ ഗ്രീനില്‍നിന്ന് സിറിയയിലെത്തിയ 15 കാരി ശമീമയെ നെതര്‍ലാന്റസ് സ്വദേശിയായ യാഗോ വിവാഹം ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ജനിച്ച മകന്‍ സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍വെച്ച് മരിച്ച ശേഷം ശമീമ തീര്‍ത്തും തകര്‍ന്നിരിക്കയാണെന്ന് യാഗോ പറഞ്ഞു. മൂന്നാഴ്ച മാത്രം പ്രായമായിരിക്കെയാണ് കുട്ടി മരിച്ചത്. ദമ്പതികളുടെ ആദ്യത്തെ മക്കളായ മകളും മകനും പോഷാകാഹാരം ലഭിക്കാതെയാണ് മരിച്ചത്.
ഞാനും അവളും മക്കളെ അതിരറ്റു സ്‌നേഹിച്ചിരുന്നുവെന്നും അവരുടെ മരണം പേക്കിനാവായി അവശേഷിക്കയാണെന്നും യാഗോ ദ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഐ.എസുമായി തന്റെ ഭാര്യക്ക് ബന്ധമുണ്ടായിരുന്നുവെന്ന മാധ്യമങ്ങളുടെ ആരോപണങ്ങള്‍ നിഷേധിച്ച യാഗോ, പാര്‍ക്കിലേക്കോ മാര്‍ക്കറ്റിലേക്കോ കൊണ്ടുപോകുമ്പോള്‍ മാത്രമാണ് അവള്‍ പുറത്തിറങ്ങിയിരുന്നതെന്നും പറഞ്ഞു. ഐ.എസ് പ്രവര്‍ത്തനങ്ങളില്‍ യുവതിക്ക് കാര്യമായ പങ്കുണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
ശമീമയോടൊപ്പം നെതര്‍ലാന്റ്‌സിലേക്ക് മടങ്ങി കുടുംബ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യാഗോ റീജിക് നേരത്തെ സിറിയന്‍ തടങ്കലില്‍വെച്ച് വ്യക്തമാക്കിയിരുന്നു.
കിഴക്കന്‍ സിറിയില്‍ ഐ.എസിന്റെ അവസാന ശക്തമായ കേന്ദ്രമായിരുന്ന ബാഗൂസില്‍നിന്ന് രക്ഷപ്പെട്ടപ്പോഴാണ് ഇരുവരും പിടിയിലായത്. സിറിയന്‍ പോരാളികള്‍ക്കുമുമ്പില്‍ കീഴടങ്ങിയ യാഗോ നെതര്‍ലാന്റ്‌സിലേക്ക് മടങ്ങിയാല്‍ ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. ഐ.എസില്‍ ചേര്‍ന്നുവെന്ന കുറ്റത്തിന് 2018 ല്‍ ഇയാളുടെ അഭാവത്തില്‍ കോടതി വിധിച്ച ശിക്ഷയാണിത്. ഇയാളുടെ ഡച്ച് പൗരത്വം നിലവിലുണ്ട്. ശമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങുന്നത് തടയാനായി അവരുടെ പൗരത്വം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു.
ഭര്‍ത്താവ് യാഗോ സിറിയന്‍ പോരാളികള്‍ മുമ്പാകെ കീഴടങ്ങുമ്പോള്‍ തന്നെ ബാഗൂസിലെ അല്‍ ഹൗള്‍ അഭയാര്‍ഥി ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട ശമീമ ക്യാമ്പുകള്‍ മാറി മാറിയാണ് കഴിഞ്ഞത്. മാധ്യമങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം ക്യാമ്പുകളിലും ജീവന് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News