ഹിജ്‌റ 1374 വരെ വിശുദ്ധ ഹറമിൽ ഏഴു മിനാരങ്ങളാണുണ്ടായിരുന്നത്. 1374 ൽ ഇവ പൊളിച്ച് പകരം തൽസ്ഥാനങ്ങളിൽ ഒരേ വാസ്തുശിൽപ മാതൃകയിലുള്ള മിനാരങ്ങൾ നിർമിച്ചു. ഒന്നാം സൗദി വികസന പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഇത്. ഫഹദ് രാജാവിന്റെ കാലത്ത് നടത്തിയ രണ്ടാം സൗദി വികസനത്തിന്റെ ഭാഗമായി ഹിജ്‌റ 1409 ൽ രണ്ടു മിനാരങ്ങൾ കൂടി ഹറമിൽ നിർമിച്ചു. ഇതോടെ ഹറമിലെ മിനാരങ്ങളുടെ എണ്ണം ഒമ്പത് ആയി.
ദൈവിക ഭവനങ്ങളായ മസ്ജിദുകളിൽ നമസ്‌കാര സമയം അറിയിച്ച്, പ്രകീർത്തനങ്ങളുടെ ഉത്തുംഗ വചനങ്ങൾ ശ്രവണമനോഹരമായ ശബ്ദത്തിൽ വിശ്വാസി ഹൃദയങ്ങളെ തലോടിയുണർത്തുന്ന ബാങ്കു വിളി മുഴങ്ങുന്നത് മിനാരങ്ങളിൽ നിന്നാണ്. ഉച്ചഭാഷിണികളില്ലാത്ത കാലത്ത് ബാങ്കൊലി ശബ്ദം ദൂരദിക്കുകളിൽ എത്തിക്കുകയായിരുന്നു മിനാരങ്ങളുടെ ദൗത്യം. ഇന്നും ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് മിനാരങ്ങൾക്ക് മുകളിലാണ്. മറ്റു കെട്ടിടങ്ങളിൽ നിന്ന് പള്ളികളെ വേർതിരിക്കുന്ന അടയാളവും മിനാരങ്ങളാണ്. ഇസ്‌ലാമിന്റെ തുടക്ക കാലത്ത് മസ്ജിദുകളിൽ മിനാരങ്ങളുണ്ടായിരുന്നില്ല. പകരം മസ്ജിദുകളുടെ മേൽക്കൂരകളിൽ കയറിയോ വാതിലിൽ നിലയുറപ്പിച്ചോ ആണ് വിശ്വാസികൾ ബാങ്ക് വിളിച്ചിരുന്നത്.
മസ്ജിദിൽ ആദ്യമായി മിനാരം നിർമിച്ചത് ഖലീഫ മുആവിയ ബിൻ അബീസുഫ്‌യാൻ ഈജിപ്തിൽ നിയോഗിച്ച അമീർ മുസല്ലമ ബിൻ മുഖല്ലദ് ആയിരുന്നു. ഈജിപ്തിലെ അംറ് ബിൻ അൽആസ് ജുമാ മസ്ജിദ് പുനർനിർമിച്ചപ്പോഴാണ് മുസല്ലമ ബിൻ മുഖല്ലദ് മിനാരം ഉൾപ്പെടുത്തിയത്. അക്കാലത്ത് മുറിയെന്നും തണൽകുടയെന്നുമാണ് മിനാരത്തെ വിളിച്ചിരുന്നത്. വിശുദ്ധ ഹറമിൽ ഹിജ്‌റ രണ്ടാം നൂറ്റാണ്ടു മുതലാണ് മിനാരങ്ങൾ സ്ഥാപിച്ചത്. കാലക്രമേണ ഹറമിലെ മിനാരങ്ങളുടെ എണ്ണം വർധിച്ചു. ഹിജ്‌റ പത്താം നൂറ്റാണ്ടിൽ ഹറമിൽ ഏഴു മിനാരങ്ങളാണുണ്ടായിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഏഴു മിനാരങ്ങൾ തന്നെയാണ് ഹറമിലുണ്ടായിരുന്നത്. രണ്ടാമത് സൗദി വികസനത്തിന്റെ ഭാഗമായി 1409 ൽ ഹറമിൽ രണ്ടു മിനാരങ്ങൾ കൂടി നിർമിക്കുകയായിരുന്നു.
അൽഉംറ ഗെയ്റ്റ് മിനാരം
വിശുദ്ധ ഹറമിന്റെ വടക്കുപടിഞ്ഞാറു മൂലയിലാണ് ഈ മിനാരമുള്ളത്. വിശുദ്ധ ഹറമിൽ നിർമിച്ച ആദ്യത്തെ മിനാരമാണിത്. ഹിജ്‌റ 137 ൽ നടത്തിയ ഹറം വികസനത്തിന്റെ ഭാഗമായി അബൂജഅ്ഫർ അൽമൻസൂർ ആണ് ഈ മിനാരം നിർമിച്ചത്. ഹിജ്‌റ 551 ലും 931 ൽ സുൽത്താൻ സുലൈമാൻ അൽഖാനൂനിയുടെ കാലത്തും ഈ മിനാരം പുതുക്കി പണിതു. ചുടുകട്ട ഉപയോഗിച്ച് റോം നിർമാണ ശൈലിയിലാണ് സുൽത്താൻ സുലൈമാൻ അൽഖാനൂനിയുടെ കാലത്ത് മിനാരം പുതുക്കി പണിതത്. ഇതിനു മുമ്പ് ഈജിപ്ഷ്യൻ മിനാരങ്ങളോട് സദൃശമായിരുന്നു ഈ മിനാരം. ആദ്യത്തിൽ ഒരു നില മാത്രമുണ്ടായിരുന്ന മിനാരം ഹിജ്‌റ 1201 ൽ അൽശരീഫ് സുറൂർ പുതുക്കി പണിതപ്പോഴാണ് നിലകളുടെ എണ്ണം രണ്ടാക്കി ഉയർത്തിയത്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ഈ മിനാരത്തിൽ കയറിയാണ് പ്രധാന മുഅദ്ദിൻ ബാങ്ക് വിളിച്ചിരുന്നത്. പിന്നീട് മറ്റു മുഅദ്ദിനുമാരും ഈ രീതി പിന്തുടർന്നു.
അൽവിദാഅ് ഗെയ്റ്റ് മിനാരം
വിശുദ്ധ ഹറമിന്റെ തെക്കുപടിഞ്ഞാറു മൂലയിലുള്ള ഈ മിനാരം അൽഖസൂറ മിനാരം എന്ന പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. ഹിജ്‌റ 164 ൽ മുഹമ്മദ് അൽമഹ്ദി അൽഅബ്ബാസി ആണ് ഈ മിനാരം നിർമിച്ചത്. ഹിജ്‌റ 771 ൽ അൽഅശ്‌റഫ് ശഅ്ബാൻ രാജാവിന്റെ കാലത്ത് ഇത് നിലംപൊത്തി. ഈജിപ്തിൽ നിന്നുള്ള നിർമാണ തൊഴിലാളികൾ എത്തിയാണ് മിനാരം പുതുക്കി പണിതത്. രണ്ടു നിലകളോടു കൂടിയ മിനാരത്തിന്റെ നിർമാണം ഹിജ്‌റ 772 ൽ പൂർത്തിയായി. ഹിജ്‌റ 771 ജമാദുൽ അവ്വൽ രണ്ടിന് മഴയുള്ള രാത്രിയിലാണ് അൽഖസൂറ ഗെയ്റ്റ് മിനാരം തകർന്നുവീണതെന്ന് ഇത്ഹാഫുൽവരി എന്ന ഗ്രന്ഥത്തിൽ അന്നജ്മു ബിൻ ഫഹദ് റിപ്പോർട്ട് ചെയ്യുന്നു. മിനാരത്തിനു താഴെ കൂടി കടന്നുപോയവരും സമീപത്തെ വീടുകളിൽ ഉള്ളവരും അടക്കം ആർക്കും പരിക്കോ ആളപായമോ അപകടത്തിൽ ഉണ്ടായില്ല. മിനാരം തകരാനുള്ള സാധ്യത മുന്നിൽ കണ്ട് ജീവഭയം കാരണം അന്ന് രാത്രി സമീപത്തെ താമസക്കാർ വീടുകൾ ഒഴിഞ്ഞിരുന്നു. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന അൽഅശ്‌റഫ് ശഅ്ബാൻ ബിൻ ഹുസൈൻ മിനാരം തകർന്നുവീണ വിവരം അറിഞ്ഞപ്പോൾ മിനാര പുനർനിർമാണത്തിന് നിർദേശം നൽകി. പുനർനിർമാണം ഹിജ്‌റ 772 മുഹറത്തിൽ പൂർത്തിയാവുകയും ചെയ്തു. വിശുദ്ധ ഹറമിലെ മുഅദ്ദിൻ റമദാനിൽ അൽവിദാഅ് മിനാരത്തിൽ വെച്ചാണ് അത്താഴം കഴിച്ചിരുന്നതെന്ന് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ചരിത്രകാരൻ അൽഫാകിഹി പറയുന്നു.
അൽസലാം ഗെയ്റ്റ് മിനാരം
വിശുദ്ധ ഹറമിന്റെ വടക്കു, കിഴക്കു മൂലയിലുള്ള ഈ മിനാരം ബനീശൈബ ഗെയ്റ്റ് മിനാരം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഹിജ്‌റ 164 ൽ വിശുദ്ധ ഹറമിൽ സന്ദർശനം നടത്തിയപ്പോൾ മുഹമ്മദ് അൽമഹ്ദി അൽഅബ്ബാസി ആണ് ഈ മിനാരം നിർമിച്ചത്. ഹിജ്‌റ 809 ശഅ്ബാൻ അവസാനത്തിൽ തകർന്നുവീണതിനെ തുടർന്ന് സുൽത്താൻ അൽനാസിർ ഫറജ് അൽദാഹിർ ബർഖൂഖിന്റെ കാലത്ത് പുനർനിർമിച്ചു. ഹിജ്‌റ 810 ൽ ആരംഭിച്ച പുനർനിർമാണം തൊട്ടടുത്ത വർഷം ദുൽഖഅ്ദ മാസത്തിലാണ് പൂർത്തിയായത്. അമീർ സൂദൂൻ അൽമുഹമ്മദി 843 സ്വഫർ മാസത്തിൽ ഇത് മോടിപിടിപ്പിക്കുകയും മഴപെയ്ത രാത്രിക്കു ശേഷം രണ്ടാം നിലയിലെ പാരപ്പെറ്റ് നിലംപതിച്ചതിനെ തുടർന്ന് 908 ൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിൽ ഹറമിലെ പ്രധാന മുഅദ്ദിൻ അൽസലാം ഗെയ്റ്റ് മിനാരത്തിൽ വെച്ചാണ് ബാങ്ക് വിളിച്ചിരുന്നതെന്നും പിന്നീട് മറ്റു മുഅദ്ദിനുകളും ഈ രീതി പിന്തുടർന്നതായും ഒമ്പതാം നൂറ്റാണ്ടിലെ ചരിത്രകാരനായ അൽഫാസി പറയുന്നു.
അലി ഗെയ്റ്റ് മിനാരം
വിശുദ്ധ ഹറമിന്റെ തെക്കുവടക്കു മൂലയിലാണ് ഈ മിനാരമുള്ളത്. ഹിജ്‌റ 164 ൽ വിശുദ്ധ ഹറമിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് അൽമഹ്ദി അൽഅബ്ബാസി ആണ് ഈ മിനാരവും നിർമിച്ചത്. സുൽത്താൻ സുലൈമാന്റെ കാലത്ത് ഹിജ്‌റ 931 റബീഉൽആഖർ നാലിന് ശനിയാഴ്ച ഈ മിനാരം തകർന്നു. ഇതിന്റെ പുനർനിർമാണത്തിന് ഒരു വർഷവും നാലു മാസവുമെടുത്തു. കൊത്തിയെടുത്ത മഞ്ഞ കല്ലുകൾ ഉപയോഗിച്ച് രണ്ടു നിലകളിലാണ് ഈ മിനാരം പുനർനിർമിച്ചതെന്ന് അക്കാലത്ത് ജീവിച്ച ജാറല്ല ബിൻ ഫഹദ് പറയുന്നു. മിനാരത്തിന്റെ മുകൾ ഭാഗത്ത് ഈയം പൂശി. മിനാരത്തിലെ ചന്ദ്രക്കല സ്വർണം പൂശി കമനീയമാക്കി. വിശുദ്ധ റമദാനിലെ രാത്രികളിൽ പാനീസുകൾ തൂക്കുന്നതിനുള്ള കയറുകൾ കെട്ടുന്നതിനുള്ള മരകഷ്ണങ്ങൾ മിനാരത്തിനു മുകളിൽ സ്ഥാപിച്ചിരുന്നില്ല. അക്കാലത്ത് ഇസ്താംബൂളിൽ പ്രചാരത്തിലുണ്ടായിരുന്നതു പോലെ മിനാരത്തിനു മുകളിൽ ഈയം പൂശുകയാണ് ചെയ്തത്. ഈ മിനാരത്തിന്റെ അടി ഭാഗം ഹിജ്‌റ 843 റബീഉൽ അവ്വലിൽ അമീർ സൂദോൻ അൽമുഹമ്മദി വികസിപ്പിച്ചിരുന്നു.
അൽസിയാദ ഗെയ്റ്റ് മിനാരം
അൽസിയാദ ഗെയ്റ്റിനു സമീപം വിശുദ്ധ ഹറമിന്റെ വടക്കു ഭാഗത്തുള്ള ഈ മിനാരം ഹിജ്‌റ 284 ൽ അബ്ബാസി ഭരണാധികാരി അൽമുഅ്തദ് ആണ് നിർമിച്ചത്. ഹിജ്‌റ 838 ൽ അമീർ സൂദോൻ അൽമുഹമ്മദി ഇത് പൊളിച്ച് കൂടുതൽ ഉയരത്തിൽ പുതുക്കി പണിതു. ഇരുനിലയുണ്ടായിരുന്ന മിനാരം ഭാഗികമായി തകർന്നതിനെ തുടർന്ന് ഹിജ്‌റ 1113 ൽ വീണ്ടും പുതുക്കി പണിതു.
ഖൈത്ബായ് മിനാരം
ബാബുന്നബിക്കും ബാബുസ്സലാമിനും ഇടയിലാണ് ഈ മിനാരമുള്ളത്. ഹിജ്‌റ 884 ൽ ഹറമിനോട് ചേർന്ന നിർമിച്ച മദ്രസക്കു പിന്നിൽ സുൽത്താൻ ഖൈത്ബായ് ആണ് ഈ മിനാരം നിർമിച്ചത്. ചതുരാകൃതിയിലുള്ള അടിത്തറയും കുംഭ രൂപത്തിലുള്ള മുകൾ ഭാഗവും ഈ മിനാരത്തിന്റെ പ്രത്യേകതകളായിരുന്നു.
സുൽത്താൻ സുലൈമാൻ മിനാരം
ഹിജ്‌റ 973 ൽ ഹറമിലെ നാലു മദ്രസകൾക്കുമിടയിൽ വടക്കു, കിഴക്കു ഭാഗത്ത് സുൽത്താൻ സുലൈമാൻ അൽഖാനൂനി ആണ് ഇത് നിർമിച്ചത്.
ഹിജ്‌റ 1374 വരെ വിശുദ്ധ ഹറമിൽ ഈ ഏഴു മിനാരങ്ങളാണുണ്ടായിരുന്നത്. 1374 ൽ ഇവ പൊളിച്ച് പകരം തൽസ്ഥാനങ്ങളിൽ ഒരേ വാസ്തുശിൽപ മാതൃകയിലുള്ള മിനാരങ്ങൾ നിർമിച്ചു. ഒന്നാം സൗദി വികസന പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഇത്. ഫഹദ് രാജാവിന്റെ കാലത്ത് നടത്തിയ രണ്ടാം സൗദി വികസനത്തിന്റെ ഭാഗമായി ഹിജ്‌റ 1409 ൽ രണ്ടു മിനാരങ്ങൾ കൂടി ഹറമിൽ നിർമിച്ചു. ഇതോടെ ഹറമിലെ മിനാരങ്ങളുടെ എണ്ണം ഒമ്പത് ആയി.






