Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തിൽ പരിക്കേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോയി

പരിക്കേറ്റ ഉണ്ണികൃഷ്ണൻ ആശുപത്രിയിൽ 

ജിദ്ദ- വാഹനാപകടത്തിൽ പരിക്കേറ്റ്  മക്കയിലും ജിദ്ദയിലുമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന പാലക്കാട് ജില്ലയിലെ ഒലവക്കോടിനടുത്ത് മുട്ടിക്കുളങ്കര സ്വദേശി ഉണ്ണികൃഷ്ണനെ വിദഗ്ധ  തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നാല് മാസത്തെ സൗദിയിലെ ചികിത്സക്കു ശേഷമാണ് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.
പാലക്കപറമ്പ് രാജപ്പന്റെ മകനായ 51 കാരൻ ഉണ്ണികൃഷ്ണൻ 2018 നവംബർ 27 നായിരുന്നു അപകടത്തിൽ പെട്ടത്. മുഹമ്മദ് അത്ത കമ്പനിയിലെ മെറ്റൽ ഫാബ്രിക്കേഷൻ ഡിസൈനിംഗ് സൂപ്പർ വൈസറായ ഇദ്ദേഹം കമ്പനി ആവശ്യാർത്ഥം ജിദ്ദയിൽ നിന്നും തായിഫിൽ പോയി തിരികെ വരും വഴിയാണ് അപകടത്തിൽ പെട്ടത്. സഞ്ചരിച്ച വാഹനത്തിൽ ഒട്ടകം വന്നിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമ്പനിയിലെ മറ്റു മൂന്ന് ജീവനക്കാർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ഉണ്ണികൃഷ്ണന് സാരമായ പരിക്കേറ്റു. തലയുടെയും കണ്ണിന്റെയും ഭാഗത്ത് ശക്തമായ അടിയേറ്റു.
ഏറ്റവും അടുത്ത ആശുപത്രിയായ മക്കയിലെ അൽ നൂർ ആശുപത്രിയിലാണ് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആദ്യം  പ്രവേശിപ്പിച്ചിരുന്നത്. മൂന്ന് മാസം അൽനൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും രണ്ട് തവണ ഓപറേഷന് വിധേയനായി. 
ആശുപത്രിയിൽ ഉണ്ണികൃഷ്ണന് സേവനം നൽകാൻ അനുജൻ സുരേഷിന്റെ കൂടെ നവോദയ മക്ക ഏരിയ പ്രവർത്തകരുമുണ്ടായിരുന്നു. മൊയ്തീൻ കോയ പുതിയങ്ങാടി, ശിഹാബുദ്ദീൻ കോഴിക്കോട്, റഷീദ് പാലക്കാട് എന്നീ നവോദയ പ്രവർത്തകരായിരുന്നു ആശുപത്രിയിൽ ഉണ്ണികൃഷ്ണന് വേണ്ട സഹായത്തിന് കൂടെ ഉണ്ടായിരുന്നത്. മക്കയിലെ കെ.എം.സി.സി പ്രവർത്തകനായ നാസർ കിൻസാര കോൺസുലേറ്റുമായി ബന്ധപ്പെട്ട് നാട്ടിലേക്കു പോകുവാനുള്ള രേഖകൾ ശരിയാക്കിക്കൊടുത്തു. ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിലെ ചികിത്സാ ചെലവുകൾക്ക് പ്രയാസം നേരിട്ടിരുന്നില്ല. 
അൽനൂർ ആശുപത്രിയിൽനിന്നും മൂന്ന് മാസത്തിനു ശേഷം മദീന റോസിലുള്ള ഖുലൈസ് ആശുപത്രിയിലേക്ക് ഉണ്ണികൃഷ്ണനെ മാറ്റി. ഇവിടെ ഒരു മാസം ചികിത്‌സ തുടർന്നു. അതിന് ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. അനുജൻ സുരേഷിന്റെ കൂടെയാണ് ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് പോയത്. സുരേഷിനെ അടുത്ത ദിവസം തന്നെ കോയമ്പത്തൂരിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകും. സുനീജയാണ് ഭാര്യ. എട്ടാം കഌസിൽ പഠിക്കുന്ന ആതിര മകളാണ്.
ഉണ്ണികൃഷ്ണൻ ജോലി ചെയ്തിരുന്ന കമ്പനി, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, മക്കയിലെ സാമൂഹൃ പ്രവർത്തകർ എന്നിവരുടെ സേവനം എന്നിവ ഏറെ തുണയായി. ആരോഗൃ നിലയിൽ പുരോഗതിയുണ്ടെങ്കിലും സംസാര ശേഷി തിരിച്ചുകിട്ടിയിട്ടില്ല. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്‌സ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ജിദ്ദയിലെ നവോദയയുടെ പരിപാടികളിൽ ഉണ്ണികൃഷ്ണൻ സജീവമായുണ്ടാകാറുണ്ട്.  

Latest News