പ്രാധാന്യം കുടുംബത്തിനു തന്നെ; മകനെതിരെ പ്രചാരണത്തിനില്ലെന്ന് ബി.ജെ.പി മന്ത്രി

ഷിംല- കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മകനെതിരെ പ്രചാരണം നടത്താനാകില്ലെന്ന് വ്യക്തമാക്കി ഹിമാചല്‍ പ്രദേശ് ബി.ജെ.പി സര്‍ക്കാരിലെ വൈദ്യുതി മന്ത്രി.
മാണ്ടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയ മകന്‍ ആശ്രയ് ശര്‍മക്കെതിരെ പ്രചാരണം നടത്താന്‍ പോകില്ലെന്ന് ഹിമാചല്‍ മന്ത്രി അനില്‍ ശര്‍മയാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് മാണ്ടി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ആശ്രയ് ശര്‍മയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ബി.ജെ.പി മന്ത്രിയും നിലപാട് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാവായിരുന്ന  സുഖ്‌റാമിന്റെ മകനായ അനില്‍ ശര്‍മ മാണ്ടി അസംബ്ലി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്. 16 നിയമസഭാ മണ്ഡലങ്ങളാണ് മാണ്ടി പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്നത്.
ആശ്രയ് ശര്‍മക്കെതിരെ മാണ്ടിയില്‍ സിറ്റിംഗ് എം.പി രാമസ്വരൂപ് ശര്‍മയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. സ്വാഭാവികമായും ബി.ജെ.പി എം.എല്‍.എയും മന്ത്രിയുമെന്ന നിലയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതാണ്.
തന്റെ മകന്‍ ആശ്രയ് ശര്‍മയും പിതാവ് സുഖ് റാമും കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യവും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുകയാണെങ്കില്‍ മകനെതിരെ പ്രചാരണത്തിനു പോകില്ലെന്നും ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നതായി അനില്‍ ശര്‍മ പറഞ്ഞു.
ഇക്കാര്യം മാധ്യമങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഇത്് അനില്‍ ശര്‍മയുടെ കുടുംബ കാര്യമാണെന്നുമാണ് ഹിമാചല്‍ പ്രദേശ് ബി.ജെ.പി പ്രസിഡന്റ് സ്തപാല്‍ സിംഗ് സട്ടി മറുപടി നല്‍കിയത്. പ്രശ്‌നത്തില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാണ്ടി ഒഴികെയുള്ള മറ്റു സീറ്റുകളില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന്് വൈദ്യുതി മന്ത്രി അനില്‍ ശര്‍മ പറഞ്ഞു. 1993 ലും 2012 ലും വീരഭദ്ര സിംഗ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ അനില്‍ ശര്‍മ മന്ത്രിയായിരുന്നു. 2017 ഒക്ടോബറിലാണ് പിതാവ് സുഖ് റാമിനോടൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. നിയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനില്‍ ശര്‍മയുടെ മകന്‍ ആശ്രയ് ശര്‍മ ബി.ജെ.പി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും മാണ്ടി സിറ്റിംഗ് എം.പി രാംസ്വൂരൂപ് ശര്‍മക്ക് നല്‍കാനാണ് ബി.ജെ.പി തീരുമാനിച്ചത്. തുടര്‍ന്നാണ് മുത്തശ്ശന്‍ സുഖ്‌റാമിനോടൊപ്പം ഈ മാസം 25-ന് ആശ്രയ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നതും സ്ഥാനാര്‍ഥിയായതും.

 

Latest News