Sorry, you need to enable JavaScript to visit this website.

വയനാട് പ്രഖ്യാപനം കഴിഞ്ഞാൽ ചിലരുടെ തനിനിറം വ്യക്തമാക്കും-മുല്ലപ്പള്ളി

കോഴിക്കോട്- വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാലുടൻ ചില നേതാക്കളുടെ തനിനിറം തുറന്നുകാട്ടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മതേതരത്വത്തിന് വേണ്ടി കാര്യമായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന ഇത്തരം നേതാക്കളെ പൊതുജനം വിലയിരുത്തട്ടെയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കേരളത്തിൽ ഒരു സീറ്റുപോലും നേടാൻ സി.പി.എമ്മിന് കഴിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതിനിടെ, സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതു വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫിനെ നൂലുപൊട്ടിയ പട്ടത്തിന്റെ അവസ്ഥയിലാക്കി. തെരഞ്ഞെടുപ്പു കൺവൻഷനുകൾ മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും പ്രവർത്തകരിൽ ആവേശമില്ല. ബത്തേരിയിലും മാനന്തവാടിയിലും നിയോജകമണ്ഡലംതല തെരെഞ്ഞടുപ്പു കൺവൻഷനുകളിൽ ഭാരവാഹി നിർണയത്തെച്ചൊല്ലി ഉയർന്ന അപസ്വരങ്ങളും പ്രവർത്തകരിൽ പൊതുവെ അസംതൃപ്തിക്ക് കാരണമായി. 
എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീർ തെരഞ്ഞടുപ്പു പ്രചാരണ രംഗത്തു ബഹുദൂരം മുന്നിൽനിൽക്കെയാണ് യു.ഡി.എഫിന്റെ ദുരവസ്ഥ. സ്ഥാനാർഥി ആരാണെന്നു അറിയാതെ ഇരുളിൽ ഉഴലുകയാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും. 
വയനാട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പുതിരിഞ്ഞു കലഹിക്കുന്നതാണ് തുടക്കംമുതൽ കണ്ടത്. മണ്ഡലം ഐ ഗ്രൂപ്പിനോ എ ഗ്രൂപ്പിനോ എന്നതിനെച്ചൊല്ലിയായിരുന്നു ആദ്യം തർക്കം. ഇതു വടകരയും ആലപ്പുഴയും ഉൾപ്പെടെ ചില മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തെയും ബാധിച്ചു. ഒടുവിൽ തർക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം കെ.പി.സി.സി പാർട്ടി കേന്ദ്ര സമിതിക്കു വിട്ടു. എന്നാൽ കേന്ദ്ര സമിതി തീരുമാനമെടുക്കുംമുമ്പ് വയനാട്ടിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ടി. സിദ്ദീഖിനെയും വടകരയിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എയെയും കെ.പി.സി.സി  നേതൃത്വം സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ടി. സിദ്ദിഖ് വയനാട് മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനു പിന്നാലെ പാർട്ടിയിലെ ഐ ഗ്രൂപ്പ് കോഴിക്കോടും താമരശേരിയിലും രഹസ്യയോഗം ചേർന്നു. ടി. സിദ്ദിഖ് എം.പിയായാൽ വയനാട് പാർലമെന്റ് മണ്ഡലം പരിധിയിൽ ഐ ഗ്രൂപ്പിനുണ്ടായേക്കാവുന്ന ബലക്ഷയത്തെക്കുറിച്ചായിരുന്നു രഹസ്യയോഗങ്ങളിൽ പ്രധാനമായും ചർച്ച. 
എം.ഐ. ഷാനവാസിലൂടെ കഴിഞ്ഞ പത്തുവർഷം കൈവശംവച്ച മണ്ഡലം കൈവിട്ടതിലുള്ള വേദന ഐ ഗ്രൂപ്പ് ഉള്ളിലൊതുക്കുന്നതിനിടെയാണ് എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുന്നുവെന്ന മട്ടിൽ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രസ്താവന നടത്തിയത്. ഇതോടെ മണ്ഡലചിത്രം മാറി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശത്തിലായി. രാഹുൽ ഗാന്ധിക്കുവേണ്ടി മത്സരത്തിൽനിന്നു പിന്മാറുന്നുവെന്നു മുക്കത്ത് യു.ഡി.എഫ് കൺവൻഷനിൽ ടി. സിദ്ദിഖ് പ്രസ്താവിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വയനാട്ടിൽ മത്സരിക്കുമോ എന്നു വ്യക്തമാക്കാൻ രാഹുൽഗാന്ധി തയാറായില്ല. ഇതിനിടെ രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്നു താൻ പറഞ്ഞിട്ടില്ലെന്നു കേരളത്തിൽ എ ഗ്രൂപ്പിനു നേതൃത്വം നൽകുന്ന ഉമ്മൻചാണ്ടി മലക്കം മറിഞ്ഞു. ഇതോടെ കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗത്തിന്റെ ആവേശം അമർഷത്തിനു വഴിമാറി. 
വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിക്കാൻ വൈകുന്നതു പലതരത്തിലുള്ള അനുമാനങ്ങളിലേക്കാണ് പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും നയിക്കുന്നത്. വയനാട്ടിൽ മത്സരിക്കുന്നില്ലെന്നു രാഹുൽഗാന്ധി വ്യക്തമാക്കുന്ന മുറക്കു ടി. സിദ്ദിഖിനു സ്ഥാനാർഥിത്വം ഉറപ്പാകുമെന്നാണ് ചിലരുടെ നിഗമനം. എന്നാൽ സിദ്ദിഖ് ആയിരിക്കില്ല സ്ഥാനാർഥിയെന്നു അഭിപ്രായപ്പെടുന്നവരും ഉണ്ട്. 
നാമനിർദേശ പത്രിക സമർപ്പണത്തിനു ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പോലും നടത്താത്തതു എൽ.ഡി.എഫിന്റെ  പ്രതീക്ഷ വർധിപ്പിച്ചിരിക്കുന്നു. സ്ഥാനാർഥി രാഹുൽ ഗാന്ധിയല്ലെങ്കിൽ ആഞ്ഞുപിടിച്ചാൽ മണ്ഡലം കൂടെ പോരുമെന്നു കരുതുന്നവർ എൽ.ഡി.എഫ് നേതൃനിരയിൽ നിരവധിയാണ്. വയനാട്ടിലെ കോൺഗ്രസ് ഗ്രൂപ്പുവഴക്കും യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലെ പടലപ്പിണക്കവും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടതു നേതാക്കൾ. വയനാട് യു.ഡി.എഫിന്റെ ഷുവർസീറ്റായിരുന്ന കാലം പോയെന്നു കഴിഞ്ഞ നിയമസഭ, ത്രിതല പഞ്ചായത്ത്-മുൻസിപ്പൽ തെരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാട്ടി അവർ പറയുന്നു. 
ബത്തേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷനിൽ ഭാരവാഹി നിർണയവുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതൃത്വത്തിനെതിരെ മുസ്‌ലിം ലീഗ് രംഗത്തുവരികയുണ്ടായി. സ്ഥാനാർഥി നിർണയം വൈകുന്നതു ആശങ്കാജനകമാണെന്നു മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം ഇന്നലെ പ്രസ്താവനയും ഇറക്കി. ഇതും ഇടതുമുന്നണിയിൽ ആഹ്ലാദം പരത്തിയിട്ടുണ്ട്. 
അതേസമയം കോൺഗ്രസ് ടിക്കറ്റിൽ ആരു മത്സരിച്ചാലും വയനാട് മണ്ഡലത്തിൽ വിജയിക്കുമെന്നു ഉറച്ചുവിശ്വസിക്കുന്നവർ യു.ഡി.എഫ് പ്രാദേശിക നേതൃനിരയിൽ നിരവധിയാണ്. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുമെന്നു നേതാക്കൾ പറയുന്നു. സ്ഥാനാർഥി നിർണയവും പത്രിക സമർപ്പണവും വൈകുന്നതു തെരഞ്ഞെടുപ്പു ചെലവു കുറയാൻ സഹായകമാകുമെന്നു അഭിപ്രായപ്പെടുന്നവരും യു.ഡി.എഫിലുണ്ട്. 

Latest News