കള്ളപ്പണം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി അടക്കം നാല് പേര്‍ പിടിയില്‍

ജലന്ധര്‍- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പത്ത് കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ പിടികൂടി. ചാക്കില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയ സംഭവത്തിലാണ് വൈദികനും മറ്റും പോലീസ് പിടിയിലായത്.

ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാല് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാനായില്ലെന്നും പോലീസ് അറിയിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായപ്പോള്‍ ആന്റണി മാടശേരി കേരളത്തിലേക്ക് പോയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയെത്തത്. ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ നേതൃത്വത്തിലുള്ള നവജീവന്‍ സൊസൈറ്റിയുടെയും സഹോദയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെയും പ്രവര്‍ത്തന ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്ന് വൈദികന്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് പോലീസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച് വരികയാണ്.

 

Latest News