രണ്ടു പാർട്ടി, ഒരു സ്ഥാനാർഥി; മാറിമറിഞ്ഞ് മഹാരാജ്ഗഞ്ച്

തനുശ്രീ ത്രിപാഠി

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ അടിമുടി ആശയക്കുഴപ്പം. രണ്ടു പാർട്ടികൾ ഒരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സീറ്റ് കിട്ടാൻ രാഷ്ട്രീയക്കാർ അടി കൂടുമ്പോഴാണ് തനുശ്രീ ത്രിപാഠിയെ രണ്ടു പാർട്ടികൾ സ്ഥാനാർഥികളാക്കിയത് -കോൺഗ്രസും പ്രഗതിശീൽ സമാജ് വാദി പാർടി (ലോഹ്യ) വിഭാഗവും. സമാജ് വാദി പാർടി നേതാവ് അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞ് അദ്ദേഹത്തിന്റെ അമ്മാവൻ സ്ഥാപിച്ച പാർടിയാണ് പ്രഗതിശീൽ സമാജ് വാദി പാർടി (ലോഹ്യ). മധുമിത ശുക്ല കൊലപാതകക്കേസിൽ ജയിലിലായ രാഷ്ട്രീയ നേതാവ് അമർമണി ത്രിപാഠിയുടെ മകളാണ് തനുശ്രീ. കോൺഗ്രസ് ഒടുവിൽ തടിയൂരി. പകരം ബിസിനസ്  ജേണലിസ്റ്റ് സുപ്രിയ ശ്രിനാറ്റെയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പ്രമുഖ ഇംഗ്ലിഷ് വാർത്താ ചാനൽ ഇ.ടിയുടെ  വാർത്താ വായനക്കാരിയാണ് സുപ്രിയ. അവരുടെ പിതാവ് ഹർഷവർധൻ രണ്ടു തവണ മഹാരാജ്ഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചിരുന്നു. 
തനുശ്രീ ഏതെങ്കിലും പാർട്ടിയുടെ ലേബലിൽ സ്ഥാനാർഥിയായി കയറിക്കൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം പ്രിയങ്കാഗാന്ധിയെ കണ്ട് ഉത്തർപ്രദേശിൽ മത്സരിക്കാൻ സമ്മതം നേടിയെടുത്തതാണ്. അമർമണി ത്രിപാഠി വലിയ സ്വാധീനമുള്ള രാഷ്ട്രീയക്കാരനാണ്. എന്നാൽ താനുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരി കവയിത്രി മധുമിത ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ അമർമണിയും ഭാര്യ മധുമണി ത്രിപാഠിയും 2003 ൽ അറസ്റ്റിലായി. തനുശ്രീ ലണ്ടനിലാണ് പഠിച്ചത്. 2017 ൽ സ്വതന്ത്രനായി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സഹോദരൻ അമൻമണി ത്രിപാഠിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു അവർ. 

Latest News