വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കടന്നുപിടിച്ച നാലംഗ സംഘം അറസ്റ്റില്‍

ഇടുക്കി- കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കടന്ന് പിടിച്ച സഹപാഠിയടക്കം നാല് പേരെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു. മാവടി വാല്‍പ്പാറ എസ്റ്റേറ്റ് പരിസരത്ത് വെച്ചാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ പ്രതികളെ പിടികൂടിയത്. പാറത്തോട് പ്ലാശ്ശേരിയില്‍ ജിഷ്ണു (20), മാവടി കൂനാനിക്കല്‍ അനന്ദു (19), മാവടി വേലന്‍പറമ്പില്‍ അജിന്‍ (19), പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ അടക്കം നാല് പേരെയാണ് പോലീസ് പിടികൂടിയത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ സഹപാഠിയായ യുവാവും കൂട്ടരും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെണ്‍കുട്ടിയുടെ വീട് ചവിട്ടിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും പെണ്‍കുട്ടിയെ കടന്ന്
പിടിക്കുകയുമായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസി ഓടി വരികയും സംഭവ സ്ഥലത്ത് നിന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഉടുമ്പന്‍ചോല സി.ഐ അനില്‍ ജോര്‍ജ്, എസ്.ഐ പി.പി ജോയി, എ.എസ്.ഐ റസാഖ്, സി.പി.ഒമാരായ സജി, സുബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Latest News