ബ്രെക്‌സിറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; മൂന്നാമത്തെ കരാറും എം.പിമാര്‍ തള്ളി

ലണ്ടന്‍- യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിന് പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ മൂന്നാമത്തെ ബ്രെക്‌സിറ്റ് കരാറും എം.പിമാര്‍ തള്ളി. 58 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സര്‍ക്കാര്‍ നിര്‍ദേശം പാര്‍ലമെന്റ് തള്ളിയത്. തെരേസ മേയുടെ നിര്‍ദേശത്തിന് 288 വോട്ട് ലഭിച്ചപ്പോള്‍ 344 പേര്‍ എതിര്‍ത്തു. യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനം മെയ് 22 വരെ നീട്ടിവെക്കാനും കരാര്‍ സഹിതം പിന്‍വാങ്ങാനുമുള്ള അവസരമാണ് ബ്രിട്ടന് ഇതോടെ നഷ്ടമായത്. ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
വിടുതല്‍ ഉടമ്പടികളൊന്നുമില്ലാതെ ഏപ്രില്‍ 12ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാം. ഉടമ്പടിയില്ലാത്ത ബ്രെക്‌സിറ്റ് ഒഴിവാകണമെങ്കില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ തെരേസ മേ സര്‍ക്കാര്‍ ആവശ്യപ്പെടണം. ഇതിന് ഏപ്രില്‍ 12 വരെ സമയമുണ്ട്.
നേരത്തെ തെരേസ മേക്കെതിരെ നിലപാടെടുത്തിരുന്ന ചില കണ്‍സര്‍േവറ്റീവ് എം.പിമാര്‍ വോട്ടിങ്ങിനു മുമ്പ് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തിരുന്നു. കഴിഞ്ഞ രണ്ടു തവണയും മേ അവതരിപ്പിച്ച കരാറുകളുടെ കുറച്ചുകൂടി മയപ്പെടുത്തിയ രൂപമാണ് ഇത്തവണ വോട്ടിനിട്ടത്.
ബ്രെക്‌സിറ്റ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി പൊതു തെരഞ്ഞെടുപ്പിന് തയാറാകണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവും പ്രധാന പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ച വോട്ടെടുപ്പിന്റെ ഫലം വന്നയുടനെ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്‌കിന്റെ പ്രതികരണവുമെത്തി. കരാര്‍ വേണമെന്ന മേയുടെ ആവശ്യം തഴയപ്പെട്ട സാഹചര്യത്തില്‍ ഏപ്രില്‍ 10ന് യൂറോപ്യന്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. കരാറുകളില്ലാത്ത ഒരു ബ്രെക്‌സിറ്റ് തന്നെയായിരിക്കും നടക്കുകയെന്ന് യൂറോപ്യന്‍ കമ്മീഷനും വ്യക്തമാക്കി.
പാര്‍ലമെന്റിനകത്ത് വോട്ടിങ്ങും ചര്‍ച്ചയും നടക്കുമ്പോള്‍ പുറത്ത് നിരവധി പേര്‍ ബ്രെക്‌സിറ്റിന് അനുകൂലമായി പ്രകടനം നടത്തി. ബ്രിട്ടനില്‍ വിശ്വസിക്കണമെന്നും കരാറില്ലാതെ പുറത്തുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ കൈക്കൊണ്ട തീരുമാനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഒന്നും എടുക്കാതെയും കൊടുക്കാതെയും യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നതാണ് തങ്ങളുടെ നിലപാടെന്ന് അവര്‍ പറഞ്ഞു.

 

Latest News