തിരുവനന്തപുരത്ത് പാസ്‌പോര്‍ട്ട് കീറിയ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

ആരോപണം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു

തിരുവനന്തപുരം- സൗദിയിലേക്കു പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന്‍ കീറിയെന്ന പരാതിയെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.  ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം.  മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ടാണ് കീറിയെന്ന് പരാതി ഉയര്‍ന്നത്. മാര്‍ച്ച് 23 ന് രാവിലെയായിരുന്നു സംഭവം.
സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും പരാതിയയച്ചിരുന്നു.  മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ്   ശംഖുംമുഖം പോലീസ് അന്വേഷണം നടത്തുന്നത്.   
ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറിയപ്പോഴായിരുന്നു ദുരനുഭവം. പാസ്‌പോര്‍ട്ട് വാങ്ങി നോക്കിയ ശേഷം നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്‌പോര്‍ട്ട് കീറിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നാണ് പരാതി. രണ്ടായി കീറിയ പാസ്‌പോര്‍ട്ടാണ് ഷനുജക്ക്  ഉദ്യോഗസ്ഥന്‍ തിരിച്ചു നല്‍കിയത്. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്‍കിയ പാസ്‌പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ പറയുന്നു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം ഇവരെ യാത്രക്ക് അനുവദിക്കുകയായിരുന്നു.
എന്നാല്‍ അങ്ങിനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ്  വിമാനത്താവളം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഷനൂജയുടെ പാസ്‌പോര്‍ട്ട് കീറിയിരുന്നു. ഇതുപയോഗിച്ച് യാത്ര ചെയ്യാന്‍ പറ്റുമോ എന്ന് മേലുദ്യോഗസ്ഥരോടോട് ആരായുക മാത്രമാണ് ചെയ്തത്. തുടര്‍ന്നാണ് യാത്രാനുമതി നല്‍കിയത്. ടെര്‍മിനലിനുള്ളിലെ കാമറ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നിലപാട്.

 

Latest News