വൈറലായ 'ചൗക്കിദാര്‍ ചായക്കപ്പ്' റെയില്‍വെ പിന്‍വലിച്ചു

ന്യുദല്‍ഹി- ബിജെപിയുടെ പ്രചരണ മുദ്രാവാക്യമായ 'മേം ഭി ചൗക്കിദാര്‍' എന്നെഴുതിയ ചായക്കപ്പില്‍ ശതാബ്ദി എക്‌സപ്രസില്‍ ചായ വിതരണം ചെയ്ത ചിത്രം വൈറലായതോടെ വിവാദ കപ്പുകള്‍ റെയില്‍വെ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രമുള്ള റെയില്‍വെ ടിക്കറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതിനു പിന്നാലെയാണ് വെള്ളിയാഴ്ച വിവാദ ചായക്കപ്പ് സമൂഹ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായത്. മോഡി തുടക്കമിട്ട പ്രചാരണമായ 'മേം ഭീ ചൗക്കിദാര്‍' എന്നെഴുതിയ ചായക്കപ്പുകളില്‍ ശതാബ്ദി എക്‌സ്പ്രസില്‍ ചായ വിതരണം ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഇവ പിന്‍വലിക്കുകയും കരാറുകാരന് പിഴചുമത്തുകയും ചെയ്‌തെന്ന് റെയില്‍വെ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയതെന്ന് റെയില്‍വെ പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പു കമ്മീഷനെ ടാഗ് ചെയ്ത് ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകള്‍. സങ്കല്‍പ് ഫൗണ്ടേഷന്‍ എന്ന ഒരു സന്നദ്ധ സംഘടനയുടെ പരസ്യമായാണ് പേപ്പര്‍ കപ്പുകളില്‍ മുദ്രാവാക്യം എഴുതിയിരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണത്തിന്റെ ഡിസൈനിലും നിറത്തിലുമാണ് മേം ഭി ചൗകിദാര്‍ എന്ന് ഈ കപ്പുകള്‍ എഴുതിയിട്ടുള്ളത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് ഈ കപ്പുകളില്‍ ചായ വിതരണം നടന്നത്. ചുമതലയിലുള്ള സുപ്പര്‍വൈസറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്ന് ഐആര്‍സിടിസി വക്താവ് പറഞ്ഞു.
 

Latest News