കോടതിയിലേക്കുള്ള വഴിമധ്യേ പോലീസുകാരെ മദ്യം കഴിപ്പിച്ച്  ഗുണ്ടാ തലവന്‍ രക്ഷപ്പെട്ടു

മീറത്ത്- കൊലക്കേസില്‍ വിചാരണ നേരിടുന്ന യുപിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ബദ്ദന്‍ സിങ് എന്ന ബദ്ദോ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ അകമ്പടി പോലീസുകാരെ മദ്യം നല്‍കി മയക്കി രക്ഷപ്പെട്ടു. 1996-ല്‍ അഭിഭാഷകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബദ്ദന്‍ സിങിനെ കഴിഞ്ഞ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഫത്തഗഢ് ജയിലിലായിരുന്ന പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം ഗാസിയാബാദിലെ കോടതിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. മീറത്തിലെ ദല്‍ഹി റോഡിലുള്ള ഒരു ഹോട്ടലില്‍ ബദ്ദന്‍ സിങിന്റെ അനുയായികള്‍ മദ്യ സല്‍ക്കാരം സംഘടിപ്പിച്ചിരുന്നു. അകമ്പടി പോലീസ് സംഘത്തെ തന്ത്രപൂര്‍വം ബദ്ദന്‍ സിങ് ഇവിടെ എത്തിക്കുകയായിരുന്നു. മദ്യപിച്ച് പോലീസിനു ലക്കു കെട്ടതോടെ അനുയായികളുടെ സഹായത്തോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴു പോലീസുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്കു പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന് മീറത്ത് സീനിയര്‍ പോലീസ് സുപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു. കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട ഗുണ്ടാതലവന്‍ ബദ്ദന്‍ സിങെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മീറത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ബദ്ദന്‍ സിങിനെ മീറത്ത് ജയിലിലായിരുന്നു അടച്ചിരുന്നത്. പിന്നീട് പ്രതിക്കെതിരെ വധ ഭീഷണി ഉയര്‍ന്നതിനെ ഒരു മാസത്തിനു ശേഷം തുടര്‍ന്ന് ഫാറൂഖാബാദ് ജില്ലയിലെ ഫത്തഗഢ് ജയിലിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ബദ്ദന്‍ സിങ് മകനെ കാണാന്‍ പരോള്‍ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ എംബിഎ പഠിക്കുന്ന മകന്‍ സികന്ദര്‍ ഒരു മാസത്തെ അവധിക്കെത്തിയിട്ടുണ്ടെന്നും മകനെ കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി രക്ഷപ്പെട്ടത്.
 

Latest News