കുമാരസ്വാമിയും യെഡിയൂരപ്പയും മണ്ണിരയ്‌ക്കൊപ്പം ചോദ്യ പേപ്പറില്‍; അധ്യാപകന്റെ ജോലി പോയി

ബെംഗളുരു- പരീക്ഷാ ചോദ്യ പേപ്പറില്‍ കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെഡിയൂരപ്പയേയും മണ്ണിരയുമായി താരതമ്യപ്പെടുത്തിയതിന് അധ്യാപകനെ സ്‌കൂള്‍ പുറത്താക്കി. ബെംഗളുരുവിലെ മൗണ്ട് കാരമല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയിലെ കന്നഡ ഭാഷാ ചോദ്യ പേപ്പറിലാണ് കര്‍ഷക മിത്രം ആര് എന്ന ചോദ്യത്തിന് മണ്ണിരയ്‌ക്കൊപ്പം കുമാരസ്വാമിയേയും യെഡിയൂരപ്പയേയും ഓപ്ഷനുകളായി നല്‍കിയത്. ചോദ്യ പേപ്പറിലെ രാഷ്ട്രീയം സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമായതോടെ ചോദ്യ പേപ്പര്‍ തയാറാക്കിയ അധ്യാപകനെ സ്‌കൂള്‍ പുറത്താക്കുകയായിരുന്നു. സ്‌കൂള്‍ ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയായ യെഡിയൂരപ്പ താന്‍ കര്‍ഷക മിത്രമാണ് എന്ന് പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിയും കര്‍ഷക് നേതാവ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കുമാരസ്വാമിയുടെ പാര്‍ട്ടിയുടെ ചിഹ്നം തന്നെ കറ്റയേന്തിയ കര്‍ഷക സ്ത്രീയാണ്. അതേസമയം ഈ ചോദ്യം ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 

Latest News