തൊഴിലില്ലായ്മയാവണം പ്രധാന ചർച്ച -രഘുറാം രാജൻ

ചോ: നോട്ട് നിരോധം പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു. പൊതു തെരഞ്ഞെടുപ്പിൽ അത് ചർച്ചാ വിഷയം പോലുമല്ല?
ഉ: എങ്ങനെയാണ് നോട്ട് നിരോധിക്കാനുള്ള തീരുമാനത്തിൽ ഈ ഗവൺമെന്റ് എത്തിയതെന്ന് പരിശോധിക്കുന്നത് ഗുണകരമായിരിക്കും. എന്താണ് അതിൽനിന്ന് സർക്കാർ പഠിച്ചത്? ലഭ്യമായ കണക്കുകളുടെ വെളിച്ചത്തിൽ സ്വയംവിചാരണ ചെയ്യാൻ സർക്കാർ സന്നദ്ധമാവുമോ? നോട്ട് നിരോധം ഗുണം ചെയ്തുവോയെന്ന് സർക്കാർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഇല്ലെങ്കിൽ എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കണം.

ചോ: ഏഴ് ശതമാനം സാമ്പത്തിക വളർച്ചയിൽ രാജ്യം മുന്നോട്ടു പോവുമ്പോൾ തൊഴിലില്ലായ്മ ഉണ്ടാവില്ലെന്നാണ് ഈയിടെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രസ്താവിച്ചത്?
ഉ: ഏഴു ശതമാനം സാമ്പത്തിക വളർച്ചയും തൊഴിലില്ലായ്മയും എങ്ങനെ ഒരുമിച്ചുണ്ടാവുമെന്ന് ഒരു മന്ത്രി ചോദിക്കുന്നതു കേട്ടു. ഒരു സാധ്യത ഇതാണ്. ഏഴ് ശതമാനം വളർച്ചയിലല്ല നാം മുന്നോട്ടു പോവുന്നത്. കണക്കുകളുടെ കാര്യത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ സമയമായി. പുതിയ വളർച്ചാനിരക്കുകൾ പരിശോധിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇത്തരം സമിതികളിലെ വിശ്വാസം വീണ്ടെടുക്കാനുള്ള അടിയന്തര നടപടിയാവണം അത്. 

ചോ: സ്ഥിതിവിവരക്കണക്കുകളെക്കുറിച്ച വിവാദം എന്ത് സൂചനയാണ് നൽകുന്നത്?
ഉ: സ്ഥിതിവിവരക്കണക്കുകൾ സ്വതന്ത്രവും പിഴവറ്റതുമായിരിക്കണം. രാഷ്ട്രീയ പരിഗണനയില്ലാതെ വിദഗ്ധരായിരിക്കണം അത് തയാറാക്കേണ്ടത്. എന്നാൽ ദേശീയ താൽപര്യത്തിന്റെ പേരിൽ അതിൽ വെള്ളം ചേർക്കുകയാണ്. തീവ്രദേശീയ പ്രസ്ഥാനങ്ങൾ രാജ്യത്തും രാജ്യങ്ങൾക്കിടയിലും സംഘർഷങ്ങൾ വളർത്തുകയാണ്. 

ചോ: എന്താണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ച താങ്കളുടെ ഏറ്റവും വലിയ ആശങ്ക? 
ഉ: തൊഴിലില്ലായ്മ തന്നെയാണ് ഏറ്റവും വലിയ ആശങ്ക. ഇന്ത്യയുടെ ഏറ്റവും ഗുരുതരമായ പ്രശ്‌നമാണ് ഇത്. അതിന് വേണ്ടത്ര ശ്രദ്ധ കിട്ടിയോയെന്ന് സംശയമാണ്. ഹൈസ്‌കൂൾ സർട്ടിഫിക്കറ്റുകൾ ജോലി നേടിത്തരാൻ സാധ്യതയില്ലാത്ത കടലാസ് കഷ്ണമായി മാറി. ഐ.ഐ.എമ്മുകൾ പോലെ പേരെടുത്ത സ്ഥാപനങ്ങളിൽ നിന്ന് വരുന്നവർക്കു മാത്രമായി തൊഴിൽ കമ്പോളത്തിൽ വില. മറുവശത്ത് തൊഴിലന്വേഷകരുടെ ഭാവി ഇരുളടഞ്ഞതാണ്. റെയിൽവേയിലെ 90,000 ജോലിക്ക് അപേക്ഷിക്കുന്നത് രണ്ടരക്കോടി പേരാണ്. തൊഴിലില്ലായ്മ സംബന്ധിച്ച സർക്കാർ കണക്കുകൾ വിശ്വാസയോഗ്യമല്ലാതായി മാറി. ജനങ്ങൾക്ക് തൊഴിൽ വേണ്ടെന്ന നിലപാട് ബോധപൂർവമുള്ള തെറ്റിദ്ധരിപ്പിക്കലാണ്. സമീപകാലത്തെ പല സംഘർഷങ്ങളുടെയും മൂലകാരണം തൊഴിലില്ലായ്മയാണ്.
ശക്തമായ ആഭ്യന്തര സമ്പദ്‌രംഗത്തിനായിരിക്കണം ഊന്നൽ നൽകേണ്ടത്. ചൈനയിൽ നിന്ന് ഇന്ത്യ പാഠമുൾക്കൊള്ളണം. സാമ്പത്തിക വളർച്ച കൈവരിച്ചതോടെ അവർ സൈനികമായും പ്രതിരോധത്തിലും ശക്തിയാർജിച്ചു. 

ചോ:  ദരിദ്രർക്കുള്ള സഹായധന പദ്ധതി പ്രഖ്യാപിച്ചത് താങ്കളോടു കൂടി ആലോചിച്ച ശേഷമാണെന്നാണ് ഈയിടെ രാഹുൽ ഗാന്ധി പറഞ്ഞത്:
ഉ: ദരിദ്രർക്ക് നേരിട്ട് പണമെത്തിക്കുന്നത് അവരുടെ ശാക്തീകരണത്തിന് സഹായിക്കും. പല പരീക്ഷണങ്ങളിൽ നിന്ന് തെളിഞ്ഞ വസ്തുതയാണ് ഇത്. അവശ്യ സേവനങ്ങൾക്കായി അവർക്ക് ഈ തുക ചെലവഴിക്കാനാവും. എന്നാൽ ഒരു കാര്യം അനിവാര്യമാണ്. ഏതൊക്കെ പദ്ധതികളാവും ഇതിന്റെ പേരിൽ മാറ്റി വെക്കുക? വിശദാംശങ്ങൾ മനസ്സിലാവേണ്ടതുണ്ട്. പുതിയ പദ്ധതിയായിരിക്കുമോ അത്, അല്ല ഒരു കൂട്ടം പഴയ പദ്ധതികൾ കൂട്ടിച്ചേർത്തതോ? എങ്ങനെയാണ് പാവപ്പെട്ടവരിൽ ഈ പണം എത്തിക്കുക?

Latest News